എം.ജിയിലെ ജാതിയാരോപണം , മന്ത്രി ബിന്ദു ഇടപെട്ട് നന്ദകുമാറിനെ നീക്കി, നിരാഹാരം തുടരുമെന്ന് ദീപ
കോട്ടയം : ജാതിയുടെ പേരിൽ ഗവേഷണം നിഷേധിച്ചെന്ന് ആരോപിച്ച് എം.ജി യൂണിവേഴ്സിറ്റിക്ക് മുന്നിൽ ഗവേഷക വിദ്യാർത്ഥി ദീപ പി.മോഹൻ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ മന്ത്രി ആർ.ബിന്ദു ഇടപെട്ടതിന് പിന്നാലെ, ആരോപണ വിധേയനായ നാനോ സയൻസ് വകുപ്പ് ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കലിനെ ചുമതലയിൽ നിന്ന് നീക്കി. വൈസ് ചാൻസലർ ഡോ. സാബു തോമസിനാണ് പകരം ചുമതല.
അതേസമയം ഗവേഷണ സ്ഥാപനത്തിൽ നിന്ന് നന്ദകുമാറിനെ പുറത്താക്കുംവരെ സമരം തുടരുമെന്നാണ് ദീപയുടെ നിലപാട്. സമരം തുടങ്ങിയപ്പോൾ ദീപയെ ചർച്ചയ്ക്ക് വിളിച്ച വൈസ് ചാൻസലർ ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകിയിരുന്നെങ്കിലും നന്ദകുമാറിനെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ദീപ. ഇതിന് പിന്നാലെയാണ് ഇന്നലെ മന്ത്രിയുടെ ഇടപെടൽ.
പരാതി എത്രയുംപെട്ടെന്ന് തീർപ്പാക്കണമെന്നും നന്ദകുമാറിനെ മാറ്റിനിറുത്താനുള്ള തടസമെന്തെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. അതേസമയം സമരം കൂടുതൽ ജനകീയമാക്കാനാണ് ദളിത് സംഘടനകളുടെ തീരുമാനം.
ജാതി അധിക്ഷേപം
2011-12ലാണ് കണ്ണൂർ സ്വദേശി ദീപ സെന്റർഫോർ നാനോ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എം.ഫിലിന് ചേരുന്നത്. ജാതി വിവേചനം സഹിക്കാതെ ഒപ്പമുണ്ടായിരുന്ന രണ്ട് ദളിത് വിദ്യാർത്ഥികൾ കോഴ്‌സ് ഉപേക്ഷിച്ചെന്നും പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടി.സി തടഞ്ഞുവച്ചും ഡോ.നന്ദകുമാർ വിവേചനം കാട്ടിയെന്നും ദീപ പറയുന്നു. പി.എച്ച്.ഡിക്ക് പ്രവേശനം നൽകാതിരിക്കാനും ശ്രമിച്ചു.
പരാതി അന്വേഷിക്കാൻ 2015ൽ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകലാശാല നിയോഗിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയ ഡോ. നന്ദകുമാറിനെ 2016 ഫെബ്രുവരി 12ന് പദവിയിൽ നിന്ന് മാറ്റിയെങ്കിലും ജാതിപീഡനം സംബന്ധിച്ച് പൊലീസിന് കൈമാറിയ പരാതിക്കെതിരെ ഡോ.നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി തിരികെ വന്നു.
നടപടിയിൽ തൃപ്തിയില്ല. വി.സിയുമായി ഡോ.നന്ദകുമാറിന് അവിശുദ്ധ ബന്ധമുണ്ട്. ഇരുവരും യൂണിവേഴ്സിറ്റി ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ തെളിവ് മന്ത്രിക്ക് കൈമാറാം
-ദീപ പി.മോഹൻ
ഗവേഷണം പൂർത്തിയാക്കാൻ സഹായിക്കുംവിധം ഫീസ് ഒഴിവാക്കാനും ഹോസ്റ്റലും ലബോറട്ടറിയും നൽകാനും പുതിയ ഗൈഡിനെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്
-ഡോ. സാബു തോമസ്, വി.സി
ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കും. വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ ഉത്ക്കണ്ഠയുണ്ട്. സമരത്തിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിക്കുകയാണ്
-ഡോ.ബിന്ദു, ഉന്നതവിദ്യാഭ്യാസ മന്ത്രി