ഡി.വൈ.എഫ്.ഐ 'ഹൃദയപൂർവം' പദ്ധതി 100ാം ദിവസത്തിലേക്ക്
Sunday 07 November 2021 12:02 AM IST
കോഴിക്കോട്: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂർവം' പദ്ധതി നൂറാം ദിവസത്തിലേക്ക്. ആഗസ്റ്റ് ഒന്നുമുതലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. ദിവസവും 2500ൽ കൂടുതൽ പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ചില ദിവസങ്ങളിൽ മൂവായിരം മുതൽ നാലായിരം വരെയാകും. രണ്ടു ലക്ഷത്തിലധികം പൊതിച്ചോറുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികൾ യൂണിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ വിതരണത്തിന് എത്തിക്കുന്നത്. 100 ദിവസം പൂർത്തിയാവുന്ന നാളെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ഭക്ഷണ വിതരണത്തിൽ പങ്കെടുക്കും.