സ്ളാബ് തകർന്നിട്ട് രണ്ടാഴ്ച, മുക്കം കോസ്‌വേയിൽ അപകടഭീതി

Sunday 07 November 2021 12:48 AM IST

റാന്നി : മലവെള്ളപ്പാച്ചിലിൽ മുക്കം കോസ്‌വേയുടെ സ്ളാബ് തകർന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും നവീകരണം വൈകുന്നു. കോസ്‌വേയുടെ കൈവരികളും പൂർണ്ണമായും തകർന്ന നിലയിലാണ്. മുക്കം, നാറാണംമൂഴി പ്രദേശത്തെ പെരുനാടുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ നാളുകളായി അവഗണനയിലാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നാൽ കോസ്‌വേ മുങ്ങും. ഉരുൾപൊട്ടി എത്തുന്ന വെള്ളത്തോടൊപ്പം തടികൾ വന്നിടിച്ചാണ് സ്ളാബുകൾ തകർന്നത്. സ്ളാബ് ഇളകിയ വശത്തുകൂടിയുള്ള യാത്ര അപകടത്തിന് കാരണമാകാം. കൈവരികൾ ഇല്ലാത്തത് കാൽനട യാത്രികർക്കും ഭീഷണി ഉയർത്തുന്നു.

പാലം വേണമെന്ന് നാട്ടുകാർ

അടിച്ചിപുഴ, നാറാണംമൂഴി പ്രദേശങ്ങളിലെ ജനങ്ങൾക്ക് അത്തിക്കയം വഴി യാത്ര ചെയ്യാതെ പെരുനാട്, മഠത്തുംമൂഴി, വടശേരിക്കര എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയുമാണ് കോസ്‌വേ. അടിയന്തര പ്രധാന്യത്തോടെ ഇവിടെ പാലം നിർമ്മിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.