കേരള സർവകലാശാലയിൽ പുതിയ വകുപ്പുകളെല്ലാം സയൻസ് വിഷയങ്ങളിൽ
Sunday 07 November 2021 12:24 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പുതുതായി തുടങ്ങാൻ തീരുമാനിച്ച പഠന ഗവേഷണ വകുപ്പുകൾ മുഴുവൻ സയൻസ് വിഭാഗത്തിന് മാത്രമാക്കിയതിനെതിരെ പ്രതിഷേധം. കേരള സർവകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി സർവകശാലയെ ഒരു സയൻസ് സർവകലാശാലയായി മാറ്റുന്നതിനാണ് അധികൃതരുടെ ശ്രമമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സയൻസ്, മാനവിക, സാമൂഹിക വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമുള്ള കോഴ്സുകളാണ് സർവകലാശാല നടത്തിയിരുന്നത്. എൻ.ഐ.ആർ.എഫ് പോലുള്ള റാങ്കിംഗുകൾക്ക് പരിഗണിക്കുന്നത് സയൻസ് വിഭാഗത്തിലുള്ള സർവകലാശാലയുടെ മികവാണെന്നാണ് അധികൃതർ പറയുന്നത്. ചെരിപ്പിനൊത്ത് കാൽ മുറിക്കുന്ന രീതിയാണിതെന്നെന്നും കേരള സർവകലാശാലയുടെ സ്ഥാപിത ലക്ഷ്യം എൻ.ഐ.ആർ.എഫ് പോലുള്ള റാങ്കിംഗ് ഏജൻസികളെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും വിദ്യാർത്ഥികൾ പറയുന്നു.