ജാതിവിവേചനം അവസാനിപ്പിക്കണം: കെ. സുധാകരൻ

Sunday 07 November 2021 12:31 AM IST

തിരുവനന്തപുരം: മഹാത്മഗാന്ധി സർവകലാശാലയിൽ ദീപ പി. മോഹനൻ എന്ന വിദ്യാർത്ഥി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത സംഭവങ്ങളാണ് ദീപയുടെ പഠനകാലത്തുടനീളം ഉണ്ടായിരിക്കുന്നത്. പിഎച്ച്.ഡിക്ക് ഇരിപ്പിടം അനുവദിക്കാത്തതടക്കം കൊടിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്. 1964ൽ നിലവിൽ വന്ന സി.പി.എമ്മിന്റെ ചരിത്രത്തിലിന്നുവരെ പൊളിറ്റ് ബ്യുറോയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലാത്തത് ആ പാർട്ടി പുലർത്തുന്ന ദളിത് വിരുദ്ധതയുടെ ഉദാഹരണമാണ്. വടയമ്പാടിയിൽ സാമൂഹികഭ്രഷ്ടിനെതിരെ സമരം ചെയ്ത ദളിത് സമൂഹത്തെ തല്ലിച്ചതച്ച കാഴ്ച കേരളം മറന്നിട്ടില്ല. ആദിവാസിയായ മധുവിനെ ആൾക്കൂട്ടം വിചാരണ നടത്തി കൊന്ന കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കാൻ ഖജനാവിൽ പണമില്ലെന്ന് നിലപാടെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. ദീപയ്ക്ക് അനുകൂലമായ കോടതിവിധികൾ പോലും അട്ടിമറിച്ച സർവകലാശാല അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. ജാതിചിന്തകൾക്കെതിരെ പട പൊരുതുന്ന ദീപയ്ക്ക് കെ.പി.സി.സിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.