ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കും: മുഖ്യമന്ത്രി

Sunday 07 November 2021 3:18 AM IST

 അരിപ്പാറ വൈദ്യുതപദ്ധതി നാടിന് സമർപ്പിച്ചു

നെടുമ്പാശേരി: തദ്ദേശ, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) കോഴിക്കോട്ടെ അരിപ്പാറയിൽ നിർമ്മിച്ച വൈദ്യുതപദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉത്പാദനത്തിൽ പുനരുപയോഗ സാദ്ധ്യതയില്ലാത്ത ഊർജ സ്രോതസുകളെ ആശ്രയിക്കില്ല. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്ന് പരമാവധി ഊർജോത്പാദനം നടത്തും. അതിനായി വിവിധ പദ്ധതികളും ആരംഭിച്ചു. പദ്ധതികൾ സമയബദ്ധിതമായി പൂർത്തിയാക്കും. ആഭ്യന്തര വൈദ്യുതോത്പാദനം ഉയർത്തും. ജലവൈദ്യുത പദ്ധതികളുടെ ശേഷി വർദ്ധിപ്പിക്കും.

4.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അരിപ്പാറ പദ്ധതിയുടെ ചെലവ് 52 കോടി രൂപയാണ്. പ്രതിവർഷം 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാം. പ്രതിസന്ധികൾക്കിടയിലും അതിവേഗം പദ്ധതി പൂർത്തിയാക്കിയത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, രാഹുൽ ഗാന്ധി എം.പി., സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് എന്നിവർ സംസാരിച്ചു.