ഡി.എൽ.പിയിലുള്ള റോഡ് അറ്റക്കുറ്റ പണി: അസി. എൻജിനിയർക്ക് സസ്‌പെൻഷൻ

Sunday 07 November 2021 12:45 AM IST

തിരുവനന്തപുരം: മലയോര ഹൈവേയുടെ ഭാഗമായ പുനലൂർ അഞ്ചൽ റോഡിൽ പിറക്കൽ ഭാഗത്ത് തകർന്ന ഭാഗവും ഇടിഞ്ഞ പാർശ്വഭിത്തിയും കരാറുകാരനെക്കൊണ്ട് പുനർനിർമ്മിക്കാതെ ശബരിമല പാക്കേജിൽ നിർദ്ദേശിച്ച അസിസ്റ്റന്റ് എൻജിനിയർക്ക് സസ്‌പെൻഷൻ. ഡിഫക്ട് ലയബിലിറ്റി പിരിയഡിലുള്ള (ഡി.എൽ.പി) റോഡും പാർശ്വഭിത്തിയുമാണ് തകർന്നത്.

പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് അസി. എൻജിനിയർ രാഹുലിനെതിരെ നടപടിക്ക് നിർദ്ദേശിച്ചത്. നിർമ്മാണത്തിലെ വീഴ്ചകൾക്ക് കാരണക്കാരായ അന്നത്തെ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്കെതിരെയും കെ.ആർ.എഫ്.ബിയുടെ പ്രോജക്ട് ഡയറക്ടർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കും. ഇരുവരും വിരമിച്ചിരുന്നു. സെപ്തംബർ 24ന് പാർശ്വഭിത്തി തകർന്ന സ്ഥലം മന്ത്രി സന്ദർശിച്ചിരുന്നു. 2023 ഡിസംബർ വരെ ഡി.എൽ.പി ഉള്ള റോഡിന്റെ പാർശ്വഭിത്തി കരാറുകാരന്റെ ചെലവിൽ പുനർനിർമ്മിക്കേണ്ടതാണെന്ന് അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. കരാറുകാരൻ വിസമ്മതിച്ചാൽ കെ.ആർ.എഫ്.ബി പ്രവർത്തി നടത്തണം. തുടർന്ന് ചെലവഴിച്ച തുക കരാറുകാരനിൽ നിന്ന് തിരിച്ചുപിടിക്കാം.

റോഡ് കൃത്യമായി ഡിസൈൻ ചെയ്യുന്നതിലും നിർമ്മാണവേളയിലും അപാതക കണ്ടെത്തിയിട്ടും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി. നിലവിൽ പാർശ്വഭിത്തിയുടെ പുനർനിർമ്മാണത്തിന് 76.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.

Advertisement
Advertisement