സിൽവർ ലൈനും വിഴിഞ്ഞവും കേരളത്തിന് ദുരന്ത പദ്ധതിയാകും: പ്രശാന്ത് ഭൂഷൺ

Sunday 07 November 2021 12:48 AM IST

തിരുവനന്തപുരം: സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹ്യമായും സിൽവർ ലൈനും വിഴിഞ്ഞം പദ്ധതിയും കേരളത്തിന് ദുരന്തപദ്ധതികളായിരിക്കുമെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. സിൽവർലൈൻ പാത പണിയുന്നതിന് ഒരു ലക്ഷം കോടിയാണ് ചെലവ്. ജപ്പാനിൽ നിന്നടക്കം വായ്പയിലൂടെയാണ് പണം കണ്ടെത്തുന്നതെന്നാണ് വിവരം. അഞ്ച് ശതമാനം പലിശയാണെങ്കിൽ പോലും പ്രതിവർഷ തിരിച്ചടവ് പലിശമാത്രം 5000 കോടി വേണ്ടിവരും. ടിക്കറ്റ് ചാർജ് അത്രമാത്രം ഉയർത്തിയാലേ തിരിച്ചടവിനുള്ള തുക സമാഹരിക്കാനാകൂ. ഉയ‌ർന്ന ടിക്കറ്റ് നിരക്കിൽ എത്രപേർ യാത്രചെയ്യുമെന്നത് ചോദ്യമാണെന്നും പ്രസ്‌ ക്ലബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മലക‍ൾ തുരന്നും തണ്ണീർത്തടങ്ങൾ നികത്തിയുമെല്ലാമാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക. ഇത് പാരിസ്ഥിതികാഘാതങ്ങൾക്ക് ഇടയാക്കും. സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കുന്ന സിൽവർ ലൈൻ, ബ്രോഡ്‌ഗേജിലുള്ള മറ്റ് റെയിൽവേ ലൈനുമായി ബന്ധിപ്പിക്കാനാവില്ലെന്നത് മറ്റൊരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലെ തന്നെയാണ് വിഴിഞ്ഞം പദ്ധതിയും. ചെറുകിട മത്സ്യത്തൊഴിലാളികളുടെ ജീവനോപാതി ഈ പദ്ധതി വരുന്നതോടെ ഇല്ലാതാകും. തീരശോഷണത്തിനും മറ്റ് പരിസ്ഥിതി പ്രശ്നങ്ങൾക്കും പദ്ധതി ഇടയാക്കും. കൂടാതെ പ്രധാനമന്ത്രി പോപ്പിനെ ആലിംഗനം ചെയ്തത് ഗോവ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും യു.പിയിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് നഷ്ടമുണ്ടാകുമെന്നാണ് തന്റെ വിലയിരുത്തലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.