നൂറ് ദിനം, 2.16 ലക്ഷം ഭക്ഷണപ്പൊതികൾ മെഡിക്കൽ കോളേജിൽ സ്നേഹം വിളമ്പി യുവത
കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവം പദ്ധതി നൂറ് ദിന നിറവിൽ. ഒരു ദിവസം പോലും മുടങ്ങാതെ ഇന്നലെ വരെ നൽകിയത് അമ്മമാർ കൊടുത്തുവിട്ട 2.16 ലക്ഷം സ്നേഹപ്പൊതികൾ. നൂറാംദിനത്തിൽ ഇരിങ്ങല്ലൂർ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി വിതരണം ചെയ്തത് 4112 ഭക്ഷണപ്പൊതികളാണ്. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റികൾക്കാണ് ചുമതല.
2021 ആഗസ്റ്റ് ഒന്നുമുതലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം തുടങ്ങിയത്. ഓരോ പ്രദേശത്തെയും വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഉച്ചഭക്ഷണമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിച്ചിരുന്നത്.
നൂറാംദിനത്തിൽ പാലാഴി യൂണിറ്റിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പായസ വിതരണവും നടത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരുപ്പുകാർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫൈർ സ്ഥാപിച്ചു. നൂറാംദിന ഭക്ഷണ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി വി. വസീഫ് , പ്രസിഡന്റ്, എൽ.ജി ലിജീഷ്, ബ്ലോക്ക് സെക്രട്ടറി എം.വൈശാഖ്, ജില്ലാ കമ്മിറ്റി അംഗം പ്രശോഭ് ,എം.എം സുഭീഷ്, മേഖല സെക്രട്ടറി സി.കെ റുബിൻ, പ്രസിഡന്റ് സുബീഷ്, ട്രഷറർ സോണിജ് എന്നിവർ നേതൃത്വം നൽകി.