വെർച്ച്വൽ ക്യൂ: ക്യാൻസലേഷൻ, സ്പോട്ട് ബുക്കിംഗ് സംവിധാനം വിശദീകരിക്കാൻ നിർദ്ദേശം

Tuesday 09 November 2021 12:55 AM IST

കൊച്ചി: ശബരിമല ദർശനത്തിനുള്ള വെർച്ച്വൽ ക്യൂ ബുക്കിംഗ് റദ്ദാക്കാനും ഭക്തർക്ക് സ്‌പോട്ട് ബുക്കിംഗിന് സൗകര്യം നൽകാനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ള വെർച്ച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട്, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ മേനോൻ എന്നിവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

വെർച്ച്വൽ ക്യൂ ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന് വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ നേരത്തെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സ്വമേധയാ ഹൈക്കോടതി എടുത്ത കേസുമുണ്ട്.

വെർച്ച്വൽ ക്യൂ മുഖേന ബുക്ക് ചെയ്താൽ ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ഇപ്പോഴില്ല. ബുക്ക് ചെയ്തവർ ദർശനത്തിനെത്താത്ത സാഹചര്യത്തിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും ഒഴിവു വരുന്ന ടോക്കണുകളിലേക്ക് സ്പോട്ട് ബുക്കിംഗ് നടത്താൻ നിലയ്‌ക്കലിൽ സൗകര്യം ഒരുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മണ്ഡല മകര വിളക്ക് സീസൺ അടുത്തു വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. തിരക്കിട്ട് വെർച്ച്വൽ ക്യൂ സംവിധാനം ഏറ്റെടുക്കാൻ കഴിയില്ലെന്നും വെബ്സൈറ്റിന് രൂപം നൽകുന്നതിനും മറ്റും കൂടുതൽ സമയം വേണമെന്നും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചിരുന്നു.