കെ- റെയിലല്ല ,വേണ്ടത് ഇന്ധന വിലയിൽ ആശ്വാസം: കെ.സുധാകരൻ

Tuesday 09 November 2021 12:24 AM IST

തിരുവനന്തപുരം: സഹ്രസ കോടികൾ കടമെടുത്തുള്ള കെ- റെയിൽ പദ്ധതികളല്ല, അതിരൂക്ഷമായ ഇന്ധനവിലയിൽ ഇളവാണ് കേരള ജനത സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു . ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാക്കാത്ത എൽ.ഡി.എഫ് സർക്കാരിനെതിരെ ജില്ലകളിൽ കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കെ-റെയിലിനു 1.20 ലക്ഷം കോടിയാണ് ചെലവ്. . ജനങ്ങൾക്ക് ജലപാതയും കെ റെയിലും വേണ്ട. ഇന്ധനവില കുറച്ച് സാധനങ്ങളുടെ വില കുറയാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.

ഉമ്മൻചാണ്ടി സർക്കാർ നാലുതവണ ഇന്ധനവിലയിൽ ഇളവ് നൽകിയത് പിണറായി സർക്കാർ കാണണം. ജനത്തിന്റെ ദുരിതവും പ്രയാസവും കഷ്ടപ്പാടും കണ്ടില്ലെന്ന് നടിക്കുകയാണ് . സമരത്തെ അവഗണിക്കാനാണ് ഭാവമെങ്കിൽ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ പ്രതിഷേധം വ്യാപിപ്പിക്കും. ഇന്ധന നികുതിയിനത്തിൽ 18,000 കോടിയാണ് സംസ്ഥാന ഖജനാവിൽ ഒഴികിയെത്തിയത്. എന്നിട്ടും ഇന്ധന നികുതി ഇളവ് നൽകാൻ മുഖ്യമന്ത്രി തയ്യാറല്ലെന്ന് സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, ജനൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, മരിയാപുരം ശ്രീകുമാർ, ജി.സുബോധൻ ,അടൂർ പ്രകാശ് എം.പി, എം.വിൻസന്റ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മണി മുതൽ 11.15 വരെയായിരുന്നു ചക്രസ്തംഭനം.

Advertisement
Advertisement