നീറ്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു

Tuesday 09 November 2021 12:03 AM IST

പത്തനംതിട്ട : 2022 ലെ നീറ്റ് എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് മുമ്പായി ദീർഘകാല കോച്ചിംഗ് ക്ലാസിൽ പങ്കെടുത്ത് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പ്രവേശന പരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2021 മാർച്ചിലെ പ്ലസ് ടു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാലു വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടിക വർഗ വിദ്യാർത്ഥികളിൽ 2021 ലെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ദീർഘകാല പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പരിശീലനത്തിന് പരിഗണിക്കും. സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീർഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ഓൺലൈൻ, ഓഫ്‌ളൈൻ ക്ലാസുകൾ) നടത്തും. അപേക്ഷകർ ലാപ്‌ടോപ്, സ്മാർട് ഫോൺ, ഇന്റർനെറ്റ് സൗകര്യം ഉളളവരായിരിക്കണം. താൽപര്യമുളള പട്ടികവർഗ വിദ്യാർത്ഥികൾ പേര്, മേൽ വിലാസം, ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടേയും പകർപ്പുകൾ സഹിതം ഈ മാസം 13 ന് മുമ്പായി റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നേരിട്ടോ rannitdogmail.com എന്ന ഇ മെയിൽ മുഖേനയോ അപേക്ഷിക്കണം. ഫോൺ : 9496070349.

Advertisement
Advertisement