കൈനകരി ജയേഷ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

Tuesday 09 November 2021 12:14 AM IST

ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും രണ്ടുപേർക്ക് രണ്ടുവർഷം വീതം തടവും ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി (രണ്ട്)​ ജ‌ഡ്ജി എ. ഇജാസ് ശിക്ഷ വിധിച്ചു. രണ്ടുമുതൽ നാലുവരെ പ്രതികളായ കോമളപുരം കട്ടികാട് സാജൻ (31), ആര്യാട് കോമളപുരം പുതുവലിൽ നന്ദു (26), കൈനകരി ആറ്റുവാത്തല അത്തിത്തറയിൽ ജെനീഷ് (38) എന്നിവർക്കാണ് ജീവപര്യന്തം. ഒരു ലക്ഷം രൂപാവീതം പിഴയും ഒടുക്കണം. ഒമ്പതും പത്തും പ്രതികളും ആറ്റുവാത്തല സ്വദേശികളുമായ മാമ്മൂട്ടിചിറയിൽ സന്തോഷ് (37), കുഞ്ഞുമോൻ (63) എന്നിവർക്കാണ് തെളിവ് നശിപ്പിച്ചതിന് രണ്ടുവർഷം തടവ്. പിഴ 50,000 രൂപാവീതം.

ഒന്നാംപ്രതി കൈനകരി ആറ്റുവാത്തല കുന്നുതറയിൽ അഭിലാഷ് (പുന്നമട അഭിലാഷ്,​ 32) വിചാരണക്കിടയിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ചുമുതൽ എട്ടുവരെ പ്രതികളും കൈനകരി സ്വദേശികളുമായ മാമ്മൂട്ടിചിറയിൽ സബിൻ കുമാർ (39), ചെമ്മങ്കാട്ട് ഉല്ലാസ് (35), മംഗലശേരിയിൽ വിനീത് (35), പുത്തൻപറമ്പിൽ പുരുഷോത്തമൻ (71) എന്നിവരെ വെറുതെവിട്ടിരുന്നു.

2014 മാർച്ച് 28ന് രാത്രി 10.30 ഓടെയാണ് കൈനകരി ജയേഷിനെ (35) വീട്ടിൽ കയറി സംഘം ആക്രമിച്ചത്. അടുത്ത ദിവസം മരിച്ചു. പുന്നമട അഭിലാഷുമായുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജയേഷിന്റെ പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ മുന്നിൽവച്ചായിരുന്നു ആക്രമണം.

 'വധശിക്ഷവേണം'

പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി​

ശിക്ഷാ വിധിക്ക് പിന്നാലെ പ്രതികൾ കോടതിക്കുള്ളിൽ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയത് നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു. വിധി പറയുംമുമ്പ് ജഡ്ജി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂട്ടറുടെയും അഭിപ്രായം തേടി. പ്രതികളുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം നൽകുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ശിക്ഷാവിധിക്ക് ശേഷം ജഡ്ജി ഇറങ്ങുമ്പോൾ പ്രതികൾ വധശിക്ഷ മതിയെന്ന് പ്രോസിക്യൂട്ടറോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഭീഷണി സ്വരത്തിൽ കൈകൾ ചുരുട്ടി കാണിച്ചു. ഉടൻ പ്രതികളെ കസ്‌റ്റഡിയിലാക്കാൻ ജഡ്ജി പൊലീസിന് നിർദ്ദേശം നൽകി. കോടതിക്ക് പുറത്തിറക്കിയപ്പോൾ പ്രതികൾ ജനൽ ഗ്ളാസുകൾ കൈകൊണ്ട് തകർക്കാനും ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ആക്രോശിച്ചു. വിധി കേൾക്കാനെത്തിയ പ്രതികളുടെയും ജയേഷിന്റെയും സംഘത്തിൽപെട്ടവർ കോടതി വളപ്പിൽ പരസ്പരം പോർവിളിച്ചു. നോർത്ത് സി.ഐ വിനോദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ലാത്തിവീശി ഇവരെ ഓടിച്ചു.

"

ഞങ്ങളുടെ കൺമുന്നിലിട്ടാണ് മകനെ കൊലപ്പെടുത്തിയത്. വധശിക്ഷ നൽകണമായിരുന്നു. ജീവപര്യന്തം ശിക്ഷ നൽകിയതിൽ സന്തോഷമുണ്ട്.

രാജു, ലളിത

ജയേഷിന്റെ മാതാപിതാക്കൾ