ബാദ്ധ്യതകളുടെ നടുവിൽ സ്വകാര്യബസുകൾ

Tuesday 09 November 2021 12:20 AM IST

പത്തനംതിട്ട : ഡീസൽ വില വർദ്ധനവ്, ജീവനക്കാർക്ക് കൂലി, ഇൻഷുറൻസ് , ടാക്സ്, സ്പെയർ പാർട്സ് വില വർദ്ധനവ് തുടങ്ങി അമിതബാദ്ധ്യതകളുടെ നടുവിൽ സ്വകാര്യ ബസ് മേഖല പൂർണമായും തകർന്നടിയുകയാണ്. പല ജീവനക്കാരും തൊഴിലുപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. ഉടമകൾ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. എല്ലാ സർവീസും നടത്തിയാൽ 2500 രൂപ മുതൽ 5000 രൂപ വരെ അധിക ചെലവ് ആകും. ഒരു വർഷത്തിനുള്ളിൽ ഡീസൽ വിലയിൽ 31 രൂപയോളം വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം 66 രൂപയായിരുന്ന ഡീസൽ വില 105 രൂപയായി ഉയർന്നു. ഇപ്പോൾ 93 രൂപയായി കുറഞ്ഞിട്ടുണ്ട്.

ടയർ, ഓയിൽ, സ്‌പെയർ പാർട്‌സ് എന്നിവയുടെ വിലയ്ക്കും ആനുപാതിക വർദ്ധനയുണ്ട്. കൊവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വരുമാനക്കുറവിന് കാരണമായി.

കൊവിഡിന് മുമ്പ്

സ്വകാര്യ ബസുകൾ : 370

ജീവനക്കാർ : 2000 +

ഇപ്പോൾ

സ്വകാര്യ ബസുകൾ : 250

ജീവനക്കാർ : 500

ആവശ്യങ്ങൾ

  • വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കുക
  • കൊവിഡ് കാലം കഴിയുന്നതുവരെ റോഡ് നികുതിയിളവ് നൽകുക.
  • ഓടാതെ കിടക്കുന്ന കാലയളവിലെ ഇൻഷുറൻസ് നീട്ടി നൽകുക.
  • ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക.

" ബസ് ഉടമകളുടെ അവസ്ഥ സർക്കാരും ജനങ്ങളും മനസിലാക്കുന്നില്ല. വിദ്യാർത്ഥികളുടെ നിരക്ക് 2012ൽ ഒരു രൂപയാക്കിയതാണ്. വിദ്യാർത്ഥികളുടെ നിരക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ 5 ശതമാനം ആയിരുന്നു. ഇപ്പോൾ അത് 92 ശതമാനം ആയി. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകണം. "

ലാലു മാത്യു, ജില്ലാ സെക്രട്ടറി

കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സർക്കാർ ഇടപെടണം

പതിനാല് ദിവസം മുമ്പ് സർക്കാരിന് കത്ത് നൽകിയതാണ്. എന്നാൽ സമരം തുടങ്ങുന്നതിന്റെ തൊട്ട് മുമ്പാണ് ചർച്ച. ഇന്നലെ വൈകിട്ടാണ് ചർച്ച തീരുമാനിച്ചത്. ചർച്ച വിജയിച്ചാൽ സമരം പിൻവലിക്കാനാണ് സാദ്ധ്യത.