മണ്ഡലകാലം വരവായി, സന്നിധാനം ഒരുങ്ങുന്നു

Tuesday 09 November 2021 12:22 AM IST
നവീകരണം നടക്കുന്ന സന്നിധാനത്തെ വലിയ നടപന്തൽ.

ശബരിമല : മണ്ഡല - മകരവിളക്ക് സീസൺ ആരംഭിക്കാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കേ തിരക്കിട്ട നിർമ്മാണ പ്രവർത്തനങ്ങളിലാണ് സന്നിധാനം. കേന്ദ്ര സർക്കാരിന്റെ സ്പിരിച്വൽ ടൂറിസം പദ്ധതിയിൽ നിന്ന് അനുവദിച്ച തുകകൊണ്ട് സന്നിധാനത്തെ വലിയനടപന്തലിന്റെ നവീകരണം അറുപത് ശതമാനം പൂർത്തീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡ് ഇക്കുറി കെട്ടിടങ്ങളുടെ അറ്റകുറ്റ പണികളിൽ മാത്രമൊതുക്കി പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ വേണ്ടെന്നുവച്ചു. ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും മാത്രമേ പെയിന്റ് ചെയ്ത് നവീകരിക്കുന്നുള്ളൂ. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് നടപന്തലിൽ കരിങ്കൽ പാകുന്നത്. തീർത്ഥാടകർ ദർശനത്തിനായി കാത്തുനിൽക്കുന്ന വലിയ നടപന്തലിലെ പഴയ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ച ബാരിക്കേഡ് നീക്കം ചെയ്ത് പകരം സ്റ്റീൽ കൊണ്ടുള്ള ബാരിക്കേട് നിർമ്മിച്ചു. 200 മീറ്റർ നീളവും 20 മീറ്റർ വീതിയുമാണ് വലിയ നടപന്തലിനുള്ളത്. ഇതിൽ ട്രാക്ടർ കടന്നുപോകുന്ന 5 മീറ്റർ വീതി ഒഴിച്ചിട്ടാണ് ഇപ്പോൾ കരിങ്കൽ പാളികൾ നിരത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം നടതുറക്കും മുൻപ് പണി പൂർത്തിയാക്കാനാവില്ല. ബാരിക്കേടിന്റെ ഭാഗത്തെ നിർമ്മാണം പൂർത്തിയായി. ട്രാക്ടർപാതയ്ക്കായി ഒഴിച്ചിട്ടിരിക്കുന്ന ഭാഗം സീസൺ കഴിഞ്ഞതിന് ശേഷമേ കരിങ്കൽ പളികൾ പാകി നവീകരിക്കുകയുള്ളൂ.

പുതിയ റോഡ്

പാണ്ടിത്താവളത്തുനിന്ന് അന്നദാന മണ്ഡപത്തിന് പിന്നിലായി പുതിയ എക്സിറ്റ് റോഡ് നിർമ്മാണം ആരംഭിച്ചു. അന്നദാനം കഴിഞ്ഞ് മടങ്ങുന്നവരെ പൊലീസ് ബാരക്കിന്റെ ഭാഗത്തേക്ക് കടത്തിവിടുന്നതിനാണ് പുതിയപാത. നിർമ്മാണത്തിന് തടസമുണ്ടാകാത്തതിനാൽ മണ്ഡലകാലത്തിന്റെ പകുതിയോടെ പൂർത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം അന്നദാന മണ്ഡപത്തിന് മുന്നിലുള്ള ഭാഗവും ഇന്റർലോക്ക് പാകി നവീകരിച്ചു.

.