യുവാക്കളുടെ ജീവനെടുത്ത് തെൻമലയിലെ 'മരണക്കടവു'കൾ

Tuesday 09 November 2021 12:21 AM IST
കല്ലടയാറ്റിലെ അപകടമേഖലയായ ഒറ്റക്കൽ പാറക്കടവ്

പുനലൂർ: അപകട മേഖലയാണെന്ന് അറിയാതെ കല്ലടയാറ്റിലെ തെന്മല പഞ്ചായത്ത് ഭാഗത്തത്തെ കടവുകളിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. കുടുംബവുമൊത്ത് തമിഴ്നാട് ഏർവാടി പളളിയിലെ തീർത്ഥാടനത്തിന് ശേഷം രണ്ട് കാറുകളിൽ നാട്ടിലേക്ക് മടങ്ങിയ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ അൻസിൽ (26), അൽത്താഫ് (23) എന്നിവർ ഇന്നലെ ഇവിടെ മുങ്ങി മരിച്ചതോടെ ഈ ഭാഗത്ത് പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

തെന്മല പരപ്പാർ അണക്കെട്ടിന് പടിഞ്ഞാറു ഭാഗത്തെ കൊച്ചുപാലത്തിന് സമീപമാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. കുടുംബാഗങ്ങളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും തെന്മല പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയിട്ടും യുവാക്കളെ രക്ഷിക്കാനായില്ല. രണ്ടുമാസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് സമീപത്തെ പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുകയാണ്. ഇക്കാരണത്താൽ ആറ്റിലെ ജലനിരപ്പും ഉയർന്നുനിൽക്കുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നു തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന യുവാക്കളാണ് അപകട മേഖലയെന്ന് മനസിലാവാതെ കുളിക്കാൻ ഇങ്ങുന്നത്. അപകടങ്ങളിൽപ്പെടുന്നതിൽ ഏറെയും സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ്. നിരവധി പേരെ നാട്ടുകാർ രക്ഷിച്ചിട്ടുണ്ട്. കല്ലടയാറ്റിലെ ഉറുകുന്ന് കോളനി ജംഗ്ഷൻ മുതൽ തെന്മല പരപ്പാർ അണക്കെട്ടിനു മുൻവശം വരെ അപകട മേഖലയാണ്. ഉറുകുന്ന് പഴയ റോഡ്, ലുക്കൗട്ട് തടയണയ്ക്ക് പടിഞ്ഞാറ് ഭാഗം, ഒറ്റക്കൽ പാറക്കടവ്, പത്തേക്കർ, പരപ്പാർ അണക്കെട്ടിന് പടിഞ്ഞാറ് ഭാഗത്തെ കുളിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ അപകട മേഖലയിൽ കുളിക്കാൻ ഇറങ്ങിയവരാണ് മുങ്ങിമരിച്ചവരിൽ ഏറെയും.

ആറിന്റെ ആഴവും ചുഴിയും അടിയൊഴുക്കും അറിയാത്തവരും നീന്താൻ അത്രകണ്ട് പരിചയമില്ലാത്തവരുമാണ് കുടുങ്ങുന്നത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നു തെന്മല ഇക്കോ ടൂറിസം മേഖല അടക്കമുള്ള വിനോദ സഞ്ചാര മേഖലകൾ സന്ദ‌ർശിക്കാൻ എത്തുന്ന യുവാക്കളാണ് കല്ലടയാറ്റിലെ അപകടക്കിടങ്ങുകളിൽ ഇരകളാവുന്നത്. ഒറ്റക്കൽ പള്ളിയിൽ ചന്ദനക്കുട മഹോത്സവത്തിന് എത്തുന്ന തമിഴ്നാട് സ്വദേശികളും ശബരിമല തീർത്ഥാടകരും സമീപത്തെ അപകടമേഖലയായ പാറക്കടവിൽ രണ്ടുവർഷം മുമ്പുവരെ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ കുളിക്കുന്നത് പതിവായിരുന്നു. ചന്ദനക്കുടത്തിനെത്തിയ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പാറക്കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചിട്ടുണ്ട്.

 വേണം സംരക്ഷണ വേലി

നിരവധി അപകട മരണങ്ങൾ ഉണ്ടായിട്ടും ഈ ഭാഗത്ത് സംരക്ഷണവേലി സ്ഥാപിക്കത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കല്ലട ഇറിഗേഷന്റെ നിയന്ത്രണത്തിൽ പാറക്കടവിലെ ആറ്റുതീരത്ത് ഇരുമ്പ് വേലികൾ സ്ഥാപിച്ചു. എന്നാൽ ഇതിനൊപ്പം സ്ഥാപിച്ച ഗേറ്റ് പൂട്ടാത്തതു കാരണം ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുളളവർ കഥയറിയാതെ ഇവിടെ കുളിക്കാൻ ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. കല്ലട ആറ്റുതിരങ്ങളിലെ കുളിക്കടവുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ അപകട മരണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാവുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.

Advertisement
Advertisement