ഡിസംബർ വരെ റേഷൻ മണ്ണെണ്ണ 47 രൂപയ്ക്ക് നൽകും: മന്ത്രി അനിൽ

Tuesday 09 November 2021 12:00 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ എട്ടുരൂപ കൂട്ടിയെങ്കിലും ഡിസംബർ വരെ റേഷൻ മണ്ണെണ്ണ പഴയ വിലയായ 47രൂപയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ പറഞ്ഞു. 2020 ഏപ്രിലിൽ ഒരു ലി​റ്റർ മണ്ണെണ്ണയുടെ അടിസ്ഥാന വില 22.26 രൂപ ആയിരുന്നത് ഈമാസം 45.80 രൂപയായി ഉയർത്തി. ഒന്നര വർഷം കൊണ്ട് മണ്ണെണ്ണയുടെ വില ഇരട്ടിയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. വിലവർദ്ധനവിൽ സംസ്ഥാനത്തിന് ഒരു പങ്കുമില്ല. സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം 13908 കിലോ ലി​റ്ററായിരുന്നത് 6480 കിലോ ലി​റ്ററായി കുറച്ചു. വിഹിതം കുറഞ്ഞതു കാരണം മൂന്നുമാസത്തിലൊരിക്കൽ മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും ഇതര വിഭാഗങ്ങൾക്ക് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് എട്ടുലിറ്ററും മണ്ണെണ്ണയാണ് നൽകുന്നത്. സംസ്ഥാനത്തിന് കൂടുതൽ മണ്ണെണ്ണ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നോൺ സബ്സിഡി ഇനത്തിൽ 12000 കിലോ ലി​റ്റർ മണ്ണെണ്ണ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.എസ്.സുപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement