ഫണ്ട് വകയിരുത്താതെ തദ്ദേശസ്ഥാപനങ്ങൾ പേരിലൊതുങ്ങി അഗതി രഹിത പദ്ധതി

Tuesday 09 November 2021 12:00 AM IST

മലപ്പുറം: നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് സർക്കാർ ആവിഷ്‌കരിച്ച അഗതി രഹിത കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ പേരിലൊതുങ്ങുന്നു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പഞ്ചായത്തുകളും നഗരസഭകളും കാര്യമായ ഫണ്ട് വകയിരുത്താത്തതിനാൽ സേവനം ഭക്ഷണക്കിറ്റിലൊതുങ്ങുന്ന അവസ്ഥയാണ്. ഭക്ഷണം, ചികിത്സാസഹായം, വസ്ത്രം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വീട്, കുടിവെളളം, ശുചിത്വ സംവിധാനം എന്നിവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 40 ശതമാനം ഫണ്ട് കുടുംബശ്രീയും 60 ശതമാനം തദ്ദേശസ്ഥാപനങ്ങളുമാണ് വകയിരുത്തേണ്ടത്. എന്നാൽ കുടുംബശ്രീ മാത്രമാണ് ഫണ്ട് പൂർണ്ണമായും വകയിരുത്തുന്നത്.

2002ൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആശ്രയ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് തദ്ദേശസ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി അഗതിരഹിത കേരളം പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. എന്നാൽ ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഈ ഇനത്തിൽ പേരിന് മാത്രമാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

ജനറൽ വിഭാഗത്തിൽ 14,903ഉം പട്ടിക വർഗത്തിൽ 399ഉം ഗുണഭോക്താക്കളുണ്ട്. ഓരോ പഞ്ചായത്തുകൾക്കും കുടുംബശ്രീ മിഷൻ നൽകി വരുന്ന 40 ശതമാനം ഫണ്ടുപയോഗിച്ച് മാസം തോറുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും മറ്റു അടിസ്ഥാന കാര്യങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ കൂടി ഫണ്ട് വകയിരുത്തേണ്ടതുണ്ട്.

വിനിയോഗം ഇങ്ങനെ

രണ്ട് വർഷത്തിനിടെ 17 കോടി രൂപ കുടുംബശ്രീ മിഷൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകിയിട്ടുണ്ട്. എന്നാൽ 16 പഞ്ചായത്തുകൾ മാത്രമാണ് തങ്ങളുടെ വിഹിതം കാര്യമായി വകയിരുത്തിയിട്ടുള്ളത്. ഊർങ്ങാട്ടിരി, എടക്കര, നിലമ്പൂർ നഗരസഭ ഉൾപ്പെടുന്ന ഭാഗങ്ങൾ ആദിവാസി മേഖലകൾ കൂടിയാണ്. ഇവിടെയും കുടുംബശ്രീയുടെ കിറ്റിന് പുറമെ കാര്യമായി ഒന്നും തന്നെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ഊർങ്ങാട്ടിരിയിൽ 169 ഗുണഭോക്താക്കൾക്കായി ആകെ വകയിരുത്തിയത് രണ്ടര ലക്ഷം രൂപയും അരീക്കോടിൽ 49 പേർക്കായി മൂന്ന് ലക്ഷം രൂപയുമാണ്.

മൂന്ന് വർഷമാണ് പദ്ധതിയുടെ കാലയളവ്. ആദ്യ വർഷത്തേക്കായി കുടുംബശ്രീ അനുവദിച്ച തുകയിൽ 80 ശതമാനം വിനിയോഗിച്ചാലേ രണ്ടാംവർഷം ഫണ്ട് ലഭിക്കൂ. ഒന്നാംഘട്ടത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൂർണ്ണമായും ഫണ്ട് വിനിയോഗിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ 64 പഞ്ചായത്തുകൾ മാത്രമാണ് ഫണ്ട് പ്രയോജനപ്പെടുത്തിയത്.

Advertisement
Advertisement