ഹയർ സെക്കൻഡറി വരെ ഒറ്റ യൂണിറ്റ്,ഒരു മേധാവി

Tuesday 09 November 2021 12:00 AM IST

തിരുവനന്തപുരം: സ്കൂളുകളിലെ ഹയർ സെക്കൻഡറിയും സെക്കൻഡറിയും ചേർത്ത് ഒറ്റ യൂണിറ്റാക്കി ഒരു മേധാവിയുടെ കീഴിലാക്കുന്ന കേരള വിദ്യാഭ്യാസ ഭേദഗതി ബിൽ ഇന്നലെ

നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം എതിർത്തതിനാൽ, ബിൽ ഏകകണ്ഠമായി പാസാക്കാനായില്ല.

ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ളാസുകൾ ഒരു യൂണിറ്റാക്കിയുള്ള പരിഷ്ക്കാരം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമിടിയാൻ ഇടയാക്കുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. .ഇതൊഴികെ, മന്ത്രി വി.ശിവൻകുട്ടി അവതരിപ്പിച്ച കേരള കശുഅണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി,കർഷകത്തൊഴിലാളി ,കേരള തൊഴിലാളി ക്ഷേമനിധി,കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലുകൾ സഭ ഏകകണ്ഠമായി അംഗീകരിച്ചു

വിദ്യാഭ്യാസ വകുപ്പിന്റെ പേര് പൊതുവിദ്യാഭ്യാസം എന്നാക്കുന്ന ബിൽ പാസായതോടെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഡയറക്ടർ ജനറലായി . ഹെഡ്മിസ്ട്രസ്,വൈസ് പ്രിൻസിപ്പൽ പേരുകൾ ഹെഡ്മാസ്റ്റർ പദവിക്കു തുല്യമാക്കി. ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരമാണ് മാറ്റങ്ങൾ.

തൊഴിലാളി ക്ഷേമനിധികളുടെ വരുമാന സ്രോതസ്സ് ഉയർത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലുകൾ. കശുഅണ്ടി ഫാക്ടറിത്തൊഴിലാളികൾ തൊഴിലെടുക്കുന്ന ഓരോ ദിവസത്തിനും ഉടമയും തൊഴിലാളിയും ഒരു രൂപവീതം ക്ഷേമനിധി അംശദായം നൽകണമെന്നത് 2 രൂപയാക്കും. സർക്കാരിന്റെ അംശദായം തൊഴിലാളികളുടെ അംശദായത്തിന്റെ പകുതിയായി പരിമിതപ്പെടുത്തും.കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ തൊഴിലാളികളുടെ അംശദായം പ്രതിമാസം 5 രൂപയിൽ നിന്നും 20 രൂപയാവും.തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളി നൽകേണ്ട അംശദായം നാല് രൂപയിൽ നിന്നും, തൊഴിലുടമകളുടെ അംശദായം എട്ട് രൂപയിൽ നിന്ന് 45രൂപയായും വർദ്ധിപ്പിക്കും. തയ്യൽ തൊഴിലാളിയുടെ പ്രതിമാസ അംശദായം 20രൂപയിൽ നിന്നു 50രൂപയായും , തൊഴിലുടമയുടെ അംശദായം അഞ്ച് രൂപയിൽ നിന്നു 25രൂപയായും വർദ്ധിപ്പിക്കും.