നെൽവയൽ: 25 സെന്റ് വരെ നികത്താൻ ഫീസ് വേണ്ടെന്ന വ്യവസ്ഥയ്‌ക്ക് തീയതി നിശ്ചയിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

Tuesday 09 November 2021 12:00 AM IST

കൊച്ചി: ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത നെൽവയലിൽ 25 സെന്റ് വരെ പുരയിടമാക്കാൻ ഫീസ് നൽകേണ്ടെന്ന വ്യവസ്ഥ 2021 ഫെബ്രുവരി 25 മുതലുള്ള അപേക്ഷകൾക്ക് മാത്രം ബാധകമാക്കിയ സർക്കാരിന്റെ സർക്കുലർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി. 25 സെന്റ് വരെയുള്ള നെൽവയൽ മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ അനുമതി തേടിയുള്ള അപേക്ഷകൾ ഈ തീയതി കണക്കിലെടുക്കാതെ രണ്ടു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഡേറ്റാ ബാങ്കിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്ത നെൽവയൽ പുരയിടമാക്കി മാറ്റാനും മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനുമുള്ള അപേക്ഷകളിൽ സർക്കാർ വിവേചനം കാട്ടുന്നെന്നാരോപിച്ച് കലൂർ സ്വദേശി എം.കെ. ബേബി ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

2008ലെ നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡേറ്റാ ബാങ്കിൽ നിലമെന്നോ തണ്ണീർത്തടമെന്നോ രേഖപ്പെടുത്താത്ത ഭൂമി നികത്താനും തരം മാറ്റി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനുമായി സർക്കാർ നിശ്ചിത ഫീസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരത്തിൽ 25 സെന്റ് വരെ പുരയിടമാക്കാനും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും ഫീസ് വേണ്ടെന്ന് വ്യക്തമാക്കി 2021 ഫെബ്രുവരി 25 ന് ഉത്തരവിറക്കി. ഫെബ്രുവരി 25 നോ അതിനു ശേഷമോ നിലം നികത്താൻ അനുമതി തേടുന്നവർക്കു മാത്രമാണ് ഇതു ബാധകമെന്നും നേരത്തെ അപേക്ഷ നൽകിയവർക്ക് ബാധകമല്ലെന്നും വ്യക്തമാക്കി ഇക്കഴിഞ്ഞ ജൂലായ് 23 നു സർക്കുലറും ഇറക്കി. ഫെബ്രുവരി 25നു മുമ്പ് അപേക്ഷ നൽകിയവർക്ക് അതു പിൻവലിച്ച് പുതിയ അപേക്ഷ നൽകാൻ അനുവാദം നൽകേണ്ടെന്നും ഇതിൽ വ്യക്തമാക്കി. ഈ വിവേചനമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.