സാക്ഷരതാ പരീക്ഷക്ക് തുടക്കം: ഇതുവരെ പരീക്ഷയെഴുതിയത് 922 പേർ

Tuesday 09 November 2021 12:07 AM IST
ആലത്തൂരിൽ നടന്ന മികവുത്സവം സാക്ഷരതാ പരീക്ഷ പരിപാടി കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി. നവംബർ ഏഴ് മുതൽ 14 വരെയാണ് പരീക്ഷ നടക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ഇതുവരെ 922 പേ‌ർ പരീക്ഷയെഴുതി.

ആലത്തൂർ ബ്ലോക്ക്തല മികവുത്സവത്തിൽ പരീക്ഷക്ക് എത്തിയവരെ ജനപ്രതിനിധികളുടേയും പഠിതാക്കളുടേയും നേതൃത്വത്തിൽ വരവേറ്റു. പരിപാടിയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അദ്ധ്യക്ഷയായി. ആലത്തൂർ പഞ്ചായത്തിൽ നടന്ന മികവുത്സവം പരീക്ഷയ്‌ക്കെത്തിയ പ്രായം കൂടിയ പഠിതാക്കളിലൊരാളായ 81 വയസുകാരി കല്യാണിയമ്മയെ കെ.ഡി. പ്രസേനൻ എം.എൽ.എ സ്വീകരിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവിക്കൽ, പഞ്ചായത്ത് അംഗങ്ങൾ, പ്രേരക്മാർ എന്നിവർ പങ്കെടുത്തു.

കൊല്ലങ്കോട് ബ്ലോക്കിലെ പുതുനഗരം പഞ്ചായത്തിൽ നടന്ന മികവുത്സവം പരീക്ഷക്ക് എത്തിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്‌മൈൽ, ചെയർമാൻമാരായ എ.വി. ജലീൽ സാഹിബ്, സാഹിറ അബ്ബാസ്, ഷക്കീല മുഹമ്മദ്, മെമ്പർമാർ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി. നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന മികവുത്സവം പരീക്ഷയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ലീലാമണി നേതൃത്വം നൽകി.

ഷൊർണൂർ, പാലക്കാട്, ചെർപ്പുളശ്ശേരി നഗരസഭ, മറ്റ് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ മുൻസിപ്പൽ ചെയർമാൻമാരുടെയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ മികവുത്സവം പരീക്ഷ നടന്നു.