ടെസ്‌ല ഓഹരികൾക്ക് വിനയായി എലോൺ മസ്കിന്റെ വോട്ടെടുപ്പ് !

Tuesday 09 November 2021 3:14 AM IST

ന്യൂയോർക്ക്: ടെസ്‌ലയിലെ ഓഹരി പങ്കാളിത്തത്തിൽ 10 ശതമാനം വിറ്റഴിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്ന് ചോദിച്ച് സി.ഇ.ഒ എലോൺ മസ്‌ക് കഴിഞ്ഞദിവസം ട്വിറ്ററിൽ നടത്തിയ വോട്ടെടുപ്പ് കമ്പനിയുടെ ഓഹരികൾക്ക് തിരിച്ചടിയായി. വോട്ടെടുപ്പിൽ പങ്കെടുത്ത 35 ലക്ഷത്തോളം പേരിൽ 58 ശതമാനം പേർ ഓഹരി വിറ്റഴിക്കുന്നതിനെ അനുകൂലിച്ചു.

വോട്ടെടുപ്പിന്റെ ഫലം എന്തായാലും അനുസരിക്കുമെന്ന് പ്രഖ്യാപിച്ച മസ്‌കിന് ഇതോടെ ഓഹരി വിറ്റഴിക്കേണ്ട അവസ്ഥയായി. സി.ഇ.ഒയായ മസ്‌ക് തന്നെ ഓഹരികൾ വിറ്റൊഴിയുന്നത് മറ്റ് നിക്ഷേപകരെയും ആശങ്കയിലാക്കിയതോടെ ഇന്നലെ കമ്പനിയുടെ ഓഹരിവില ഇടിഞ്ഞു. ഫ്രാങ്ക്ഫർട്ട് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത ഓഹരികളാണ് ഇന്നലെ 7.9 ശതമാനം ഇടിവ് നേരിട്ടത്.

ശമ്പളോ ബോണസോ കൈപ്പറ്റാത്തതിനാൽ വ്യക്തിഗത നികുതിയടയ്ക്കാൻ ഓഹരികൾ വിറ്റഴിയണമെന്ന് വ്യക്തമാക്കിയാണ് മസ്‌ക് വോട്ടെടുപ്പ് നടത്തിയത്. ശതകോടീശ്വരന്മാരുടെ കൈവശമുള്ള ഓഹരികളിലെ ദീർഘകാല മൂലധന നേട്ടത്തിന്മേൽ നികുതി ഈടാക്കാനും അതുവഴി സർക്കാരിന്റെ സമ്പദ്‌ഭദ്രത ഉറപ്പാക്കാനുമുള്ള ബൈഡൻ ഭരണകൂടത്തിന്റെ ബില്ലാണ് ടെസ്‌ല ഓഹരി വില്പനയ്ക്ക് മസ്‌കിനെ പ്രേരിപ്പിക്കുന്നത്.

Advertisement
Advertisement