ടാറ്റാ ഗ്രൂപ്പിന് എയർ‌ഇന്ത്യയുടെ കൈമാറ്റം ജനുവരി 23നകം

Tuesday 09 November 2021 3:43 AM IST

ന്യൂഡൽഹി: ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി 2022 ജനുവരി 23നകം എയർ ഇന്ത്യയുടെ പ്രവർത്തന നിയന്ത്രണങ്ങൾക്ക് തുടക്കമിടാൻ ടാറ്റാ ഗ്രൂപ്പ്. കഴിഞ്ഞ ഒക്‌ടോബർ‌ എട്ടിനാണ് എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള ടെൻഡർ 18,000 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പ് കേന്ദ്രസർക്കാരിൽ നിന്ന് നേടിയത്.

ടാറ്റയ്ക്ക് ഓഹരികൾ കൈമാറാനുള്ള സർക്കാർതല നടപടിക്രമങ്ങളും പുരോഗമിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനവും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനവും ഓഹരികളാണ് ടാറ്റ നേടിയത്. ടാറ്റയുടെ സമ്പൂർണ ഉപസ്ഥാപനമായ ടലൈസാണ് എയർ ഇന്ത്യയെ നിയന്ത്രിക്കുക.

1932ൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ചതാണ് എയർ ഇന്ത്യ. 1953ൽ കേന്ദ്രം ഏറ്റെടുത്തു. തുടർന്ന്, 68 വർഷങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക് എത്തുന്നത്. 61,562 കോടി രൂപയുടെ കടബാദ്ധ്യതയുണ്ടായിരുന്ന എയർ ഇന്ത്യയുടെ 46,262 കോടി രൂപയുടെ കടം എ.ഐ.എ.എച്ച്.എൽ എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ്.പി.വി) കൈമാറിയശേഷമാണ് കേന്ദ്രം ഓഹരി വില്പന നടത്തിയത്. കടബാദ്ധ്യതയിൽ 15,300 കോടി രൂപയാണ് ടാറ്റ ഏറ്റെടുക്കുന്നത്.

Advertisement
Advertisement