മുൻസിപ്പൽ സ്റ്റാൻഡ് പുനർ നിർമ്മാണം; വ്യക്തമായ സ്റ്റാൻഡില്ലാതെ നഗരസഭ

Wednesday 10 November 2021 12:21 AM IST

പാലക്കാട്: നിലംപൊത്തുമെന്ന് പേടിച്ച് പൊളിച്ചുനീക്കി വർഷം മൂന്ന് കഴിഞ്ഞിട്ടും മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമ്മാണത്തിന് രൂപരേഖ പോലു തയ്യാറാക്കാതെ നഗരസഭ. 2018 ആഗസ്റ്റ് 2നു സമീപത്തെ കെട്ടിടത്തിന്റെ ഒരുവശം നവീകരണത്തിനിടെ ഇടിഞ്ഞു വീണതോടെയാണ് മുനിസിപ്പൽ സ്റ്റാൻഡിലെ കടകൾ ഒഴിപ്പിച്ചതും തുടർന്ന് കെട്ടിടം പൊളിച്ചു നീക്കിയതും. സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കെട്ടിടം നിന്നിരുന്ന സ്ഥലം ഇപ്പോൾ കാടുകയറിയ നിലയിലാണ്.

ലോക്ക് ഡൗണിനെ തുടർന്ന് നഷ്ടത്തിലായതോടെ നിലവിൽ 50 ശതമാനം ബസുകൾ മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. മുൻ നഗരസഭ ഭരണസമിതി പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കാനായി പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ താൽപര്യപത്രം ക്ഷണിച്ചിരുന്നു. 12 പേരാണു അന്ന് പങ്കെടുത്തത്. വിദഗ്ധ സമിതി ഏഴ് പദ്ധതികൾ യോജ്യമാണെന്ന് കണ്ടെത്തി. അതിലെ മികച്ച രണ്ട് പദ്ധതികളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാൻ അന്നത്തെ ഭരണസമിതി ചർച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. ഇത് പദ്ധതി വൈകാനും കാരണമായി. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്റ്റാൻഡ് നിർമ്മിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് പദ്ധതിയെ പിന്നോട്ടടിക്കുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി കൂടിയാലോചിക്കാതെയാണ് നഗരസഭ ചെയർപേഴ്സൺ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന ആക്ഷേപമുണ്ട്. നിലവിൽ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. പദ്ധതി സമർപ്പിച്ചാൽ സ്റ്റാൻഡ് നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം.പിയും എം.എൽ.എയും വ്യക്തമാക്കുന്നു. ഫണ്ട് വാഗ്ദാനം ലഭിച്ചിട്ടും സ്റ്റാൻഡ് നിർമ്മാണത്തിൽ ഇപ്പോഴും നഗരസഭയ്ക്കു വ്യക്തമായ ' സ്റ്റാൻഡ്' ഇല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ആദ്യം ടെർമിനൽ

രണ്ട് ഘട്ടമായാണ് സ്റ്റാൻഡ് നിർമ്മിക്കുക. ആദ്യ ഘട്ടത്തിൽ ബസ് ടെർമിനലും പിന്നീട് നഗരസഭയ്ക്കു വരുമാനം കൂടി ഉറപ്പാക്കിയുള്ള കോംപ്ലക്സും നിർമ്മിക്കും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് നഗരസഭയെ സമീപിച്ചിട്ടുണ്ട്. കമ്പനി അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കൗൺസിൽ യോഗത്തിൽ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്ത് രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കും

പ്രിയ അജയൻ, നഗരസഭ ചെയർപേഴ്സൺ

Advertisement
Advertisement