നൂറുമേനിയില്ലാതെ പള്ളിക്കൽ

Wednesday 10 November 2021 12:37 AM IST
തരിശ് കിടക്കുന്ന പള്ളിക്കൽ ചൂരൽവയൽ ഏല

തെങ്ങമം: ഒരുകാലത്ത് ജില്ലയുടെ കലവറയായിരുന്ന പള്ളിക്കലിൽ നെൽക്കൃഷി ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് ഇന്ന് കർഷകർ. പഞ്ചായത്തിലെ പരമാവധി നെല്ല് ഉൽപ്പാദനം 30 ഹെക്ടറിൽ താഴെയായി ചുരുങ്ങി.

25 വർഷങ്ങൾക്ക് മുമ്പ് 250 ഹെക്ടറിൽ കൃഷിചെയ്തിരുന്ന നാടാണ് തരിശ് ഭൂമിയായി മാറിയത്. കൃഷിഭൂമി വ്യാപകമായി നികത്തപ്പെട്ടു. പണി കൂടുതലും കൂലി കൂടുതലും നിലമുടമകൾ കൃഷി ചെയ്യാതിരിക്കുന്നതിന് കാരണമായി പറയുമ്പോൾ ആവേശത്തോടെ നെൽകൃഷിയിലേക്കിറങ്ങിയ ഗ്രൂപ്പ് കൃഷിക്കാരും ഇന്ന് പിൻമാറിയ അവസ്ഥയിലാണ്. ഒരു തവണ നെൽകൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയപ്പോൾ ആശാവഹമായ പുരോഗതിയാണുണ്ടായത്. വരമ്പ് വെട്ടിനും കൊയ്ത്തുിനും മെതിക്കും കളപറിക്കലിനുമെല്ലാം കൂലി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് നൽകി. ആ വർഷം നെൽകൃഷി 70 ഹെക്ടറിലേക്ക് ഉയർന്നു. എന്നാൽ പ്രതീക്ഷയോടെ കൃഷിഭൂമിയിലിറങ്ങിയവർക്ക് നിരാശയായിരുന്നു ഫലം. ആവർത്തന സ്വഭാവമുള്ള പദ്ധതികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കരുതെന്ന സർക്കാർ നിർദേശത്തെ തുടർന്ന് പഞ്ചായത്ത് സഹായം നൽകിയില്ല. ഇത് കൃഷിയുടെ വളർച്ചയ്ക്ക് തടസമായി. തരിശ് കിടക്കുന്ന നെൽവയൽ ഏറ്റെടുത്ത് കൃഷി ചെയ്യിക്കാൻ പഞ്ചായത്തിനും കൃഷി വകുപ്പിനും അധികാരം ഉണ്ടെങ്കിലും ഇന്ന് കൃഷിചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്. സമീപ പഞ്ചായത്തുകളിൽ നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും ആരംഭിച്ച് നടപ്പിലാക്കിയെങ്കിലും പള്ളിക്കലിൽ പദ്ധതിയൊന്നുമില്ല. വിത്ത്, വളം സബ്സിഡികൾ മാത്രമാണ് ആകെയുള്ള ആശ്വാസം.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

ഉണ്ണികൃഷ്ണൻ നായർ,

കൈതക്കൽ