പ്രളയത്തിൽ വീട് തകർന്നവർക്ക് ലൈഫിൽ നിന്ന് ധനസഹായം

Tuesday 09 November 2021 10:45 PM IST

തിരുവനന്തപുരം: പ്രളയത്തിൽ പൂർണമായി വീട് തകരുകയും എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ് എന്നിവയിൽ നിന്ന് ധനസഹായം ലഭിച്ചിട്ടുമില്ലെങ്കിൽ അവർക്ക് ലൈഫ് പദ്ധതി നിരക്ക് പ്രകാരം ധനസഹായത്തിന് അർഹതയുണ്ടെന്ന് മന്ത്റി എം.വി ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. ഇത്തരക്കാർ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടാലും ഇല്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മന്ത്റി മറുപടി നൽകി.

പ്രളയത്തിൽ വീട് തകർന്ന കുടുംബങ്ങൾക്ക് സി.എം.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവയിൽ നിന്ന് സഹായം നൽകുന്നുണ്ട്. ഈ കുടുംബങ്ങൾ ലൈഫിൽ പെട്ടില്ലെങ്കിലും പുതിയ വീട് നിർമിക്കുന്നതിനുള്ള സഹായത്തിന് അനുമതി നൽകാൻ സംസ്ഥാനതല കോ ഒാർഡിനേഷൻ കമ്മി​റ്റി തീരുമാനിച്ചിരുന്നു. എന്നാൽ 75 ശതമാനത്തിന് മുകളിൽ നാശമുണ്ടായ വീടിന് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ് എന്നിവയിൽ നിന്നുള്ള തുക നാല് ലക്ഷമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ അധിക തുക നൽകേണ്ടതില്ലെന്ന് കമ്മി​റ്റി പിന്നീട് തീരുമാനിച്ചു. 60 മുതൽ 74 ശതമാനം വരെ നഷ്ടമുണ്ടായവർക്ക് നാല് ലക്ഷത്തിന് താഴെയാണ് സഹായമെങ്കിൽ ബാക്കി തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാം. 60 ശതമാനത്തിൽ താഴെ നാശം സംഭവിച്ച വീടുകൾക്ക് അ​റ്റകു​റ്റപ്പണികൾ മാത്രമായതിനാൽ എസ്.ഡി.ആർ.എഫ് സഹായത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ധനസഹായം നൽകേണ്ട ആവശ്യം വരുന്നില്ലെന്നും മന്ത്റി വ്യക്തമാക്കി.

Advertisement
Advertisement