റോഡുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നന്നാക്കാം

Tuesday 09 November 2021 10:48 PM IST

തിരുവനന്തപുരം: എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പിടാൻ പൊളിക്കുന്ന റോഡുകൾ മെയിന്റനൻസ് ഗ്രാന്റോ ബഡ്‌ജറ്റ് വിഹിതമോ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് പുനർനിർമ്മിക്കാമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര, സംസ്ഥാന, തദ്ദേശ സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന മിഷന്റെ നിർവഹണ ഏജൻസി ജല അതോറിട്ടിയാണ്. പൊതുമരാമത്ത് റോഡുകൾ പൊളിക്കാൻ മുൻകൂർ പണമടച്ച് അനുമതി തേടേണ്ടതുണ്ട്. പൊളിക്കുന്ന പഞ്ചായത്ത് റോഡുകൾ പുനർനിർമ്മിക്കാനുള്ള തുക മിഷന്റെ ഷെഡ്യൂളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ റോഡുകൾ പുനർനിർമ്മിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. ഗ്രാമീണ റോഡുകൾ നന്നാക്കാൻ ബഡ്ജറ്ര് വിഹിതവും മെയിന്റനൻസ് ഗ്രാന്റും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്. മുൻഗണന നൽകി ഇതിൽ നിന്ന് തുക ചെലവിടാമെന്ന് ടി.വി.ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement