പാടുകയല്ല, 'പച്ചപ്പനംതത്ത' കരയുകയാണ്

Wednesday 10 November 2021 1:00 AM IST
മച്ചാട്ട് വാസന്തി

കോഴിക്കോട്: 'പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻകതിരേ...' എന്ന പാട്ട് മറക്കാത്ത മലയാളികൾ പാട്ടുകാരിയെ മറന്നുവോ? പച്ചപ്പനംതത്തയെ അനശ്വരമാക്കിയ മച്ചാട്ട് വാസന്തി ഫറോക്കിലെ വീട്ടിൽ രോഗവും പ്രായവും തളർത്തിയ അവശതകളിലാണ്. ചികിത്സിക്കാൻ പണമില്ല. മാറി, മാറി 18-ാമത്തെ വീട്ടിലാണിപ്പോൾ. അതാകട്ടെ ജപ്തിഭീഷണിയിലും.

'' ആരും തിരിഞ്ഞുനോക്കാനില്ല. മാറാരോഗം എന്നെ കൊണ്ടുപോകുംവരെ പാടണമെന്നാണ് മോഹം. നാലു വർഷം മുമ്പ് വാഹനാപകടത്തിൽ പെട്ടതോടെ നടക്കാനും പറ്റാതായി....''- വാസന്തി പറയുന്നു.

ഒൻപതാം വയസിൽ തുടങ്ങിയതാണ് പാട്ട്. ഇപ്പോൾ എഴുപത്തെട്ടായി. സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമൊക്കെയായി ആയിരക്കണക്കിന് പാട്ടുകൾ.

'നമ്മളൊന്ന് ' നാടകത്തിൽ പൊൻകുന്നം ദാമോദരൻ എഴുതി ബാബുരാജ് ഈണമിട്ട പച്ചപ്പനംതത്തേ... പാടിയത് 13-ാം വയസിലാണ്. 'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ... മധുരക്കിനാവിന്റെ കരിമ്പുതോട്ടം... അതാണ് സിനിമയിലെ ഹിറ്റ്. 'ഓളവും തീരവും" ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ഈ ഗാനത്തിന്റെ ഈണവും ബാബുക്ക തന്നെ.

ഗായകനും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ് വാസന്തി. ഒൻപതാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം. അന്ന് സദസിലുണ്ടായിരുന്ന, എം.എസ്. ബാബുരാജാണ് ചങ്ങാതിയുടെ മകളെ നാടകത്തിന്റെയും സിനിമയുടെയും വഴിയിലേക്ക് കൈപിടിച്ചുയർത്തിയത്.

ബാബുരാജ് ആദ്യമായി സംഗീതം നൽകിയ 'തിരമാല' വാസന്തിയുടെയും ആദ്യസിനിമയായി. പക്ഷേ, പടം വെളിച്ചം കണ്ടില്ല. വൈകാതെ രാമു കാര്യാട്ടിന്റെ 'മിന്നാമിനുങ്ങി"ൽ രണ്ടു പാട്ടുമായി നല്ല തുടക്കം. തുടർന്ന് സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും ആകാശവാണിയിലെ തിരക്കിൽ മകളെയും കൊണ്ട് മദ്രാസിൽ പോയി നിൽക്കാൻ അച്ഛന് കഴിഞ്ഞില്ല. കോഴിക്കോട്ട് തങ്ങി നാടകങ്ങളിൽ ശ്രദ്ധിച്ചു.

അഭിനയവും തുടങ്ങി. കെ.പി.എ.സി യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"യിലുൾപ്പെടെ...

സിനിമാ പ്രൊജക്ടർ ഓപ്പറേറ്ററായിരുന്ന ബാലകൃഷ്ണനുമായുള്ള വിവാഹത്തോടെ ദൂരയാത്രകൾ നിന്നു. കുടുംബത്തിനൊപ്പം നിന്ന് കിട്ടുന്ന നാടകങ്ങളിൽ പാടിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. 48-ാം വയസിൽ ഭർത്താവ് മരിച്ചപ്പോൾ അദ്ദേഹം ബാക്കിവച്ചത് എട്ടു ലക്ഷത്തിന്റെ കടം.

പിന്നെ ജീവിക്കാൻ വേണ്ടി ഓടിനടന്ന് നാടകങ്ങളിൽ പാടി. സിനിമയിൽ അവസരം തരാൻ ബാബുക്കയെപ്പോലെ അടുപ്പമുള്ളവർ ആരുമുണ്ടായിരുന്നില്ല.


രണ്ടു മക്കളാണ് വാസന്തിക്ക്. മകൻ മുരളി ചേളാരി ഐ.ഒ.സി പ്ലാന്റിലെ കരാർ തൊഴിലാളി. കല്യാണം കഴിഞ്ഞ മകൾ സംഗീതയും ഇപ്പോൾ ഒപ്പമുണ്ട്.