സ്ഥിര ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നു

Wednesday 10 November 2021 1:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷന്റെ നിർദ്ദേശ പ്രകാരം ഇവിടങ്ങളിലെ മുഴുവൻ സ്ഥിര ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. 99 വകുപ്പുകളിലെ 96.8 ശതമാനം സ്ഥിര ജീവനക്കാരുടെ വിവരങ്ങൾ വെബ്‌ പോർട്ടലിൽ ചേർത്തിട്ടുണ്ട്. പൂർത്തിയാകുമ്പോൾ ജാതി തിരിച്ചുള്ള വിവരം ലഭിക്കും. വെർച്വൽ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പദ്ധതിയിലൂടെ നിശ്ചിത യോഗ്യതയുള്ള എല്ലാ പട്ടികവർഗക്കാർക്കും തൊഴിൽ ലഭ്യത ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പട്ടികവർഗ വികസന വകുപ്പും കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ട്രൈബൽ എത്ത്നിക് റെസ്റ്റോറന്റ് എന്ന സംരംഭകത്വ തൊഴിൽദായക പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങളുടെ ഗുണഭോക്തൃവിഹിതം സർക്കാർ വഹിക്കും.