ലേണേർസ് കഴിഞ്ഞവർ കാത്തിരിക്കേണ്ട, ഇനി മുട്ടില്ലാതെ എട്ടും എച്ചും

Wednesday 10 November 2021 12:02 AM IST

ബാച്ചുകൾ കൂട്ടി റോഡ് ടെസ്റ്റ്

വേഗത്തിലാക്കി മോട്ടോർ വകുപ്പ്

കോഴിക്കോട്: ലേണേർസ് പാസായിട്ടും എട്ടും എച്ചും എഴുതാനുളള ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചവരുടെ കാത്തിരിപ്പിന് വിരാമം. രാവിലെയും ഉച്ചയ്ക്കുമായി പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ രണ്ട് അധിക ബാച്ചുകൾ കൂടി ഉൾപ്പെടുത്തി റോഡ് ടെസ്റ്റ് വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതോടെ ഒരു ദിവസം ടെസ്റ്റ് പൂർത്തിയാക്കുന്നവരുടെ എണ്ണം 60ൽ നിന്ന് 240 ആയി. കൂടുതൽ അപേക്ഷകരുള്ള ആ.ർടി.ഒ പരിധികളിൽ 300 പേർ വരെയാകും. കൊവിഡ് വ്യാപനത്തോടെയാണ് റോഡ് ടെസ്റ്റിന് പരിഗണിക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സെെറ്റിൽ നിന്ന് സ്ളോട്ട് ലഭിക്കുന്ന മുറയ്ക്കാണ് പരീക്ഷ. കൊവിഡ് കാലത്ത് ലേണേഴ്സ് പൂർത്തിയാക്കി റോഡ് ടെസ്റ്റ് എടുക്കാൻ കഴിയാത്തവർക്കാണ് മുൻഗണന. ലേണേഴ്സ് കാലാവധി കഴിയാൻ പോകുന്നവർക്കും കൂടുതൽ പരിഗണന നൽകും. ഡിസംബറോടെ പഴയ അപേക്ഷകളിൽ ടെസ്റ്റ് പൂർത്തിയാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.

റോഡ് ടെസ്റ്റ് വേഗത്തിലാക്കാൻ ജില്ലയിലെ ആർ.ടി.ഒ ഓഫീസുകളിലും സബ് ഓഫീസുകളിലും വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പുറമെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്ന് രണ്ട് പേരെ കൂടി നിയമിച്ചു.

ടെസ്റ്റിന് പരിഗണിക്കുന്നവരുടെ എണ്ണം കൂട്ടിയതോടെ ജില്ലയിലെ വിവിധ ആർ.ടി.ഓഫീസ് പരിധികളിൽ ആയിരത്തിലധികം പേരാണ് ലൈസൻസിന് അർഹരായിരിക്കുന്നത്. അതെസമയം സാങ്കേതിക തകരാറുമൂലം സ്ലോട്ട് ലഭിക്കാൻ സമയമെടുക്കുന്നതിനാൽ കോഴിക്കോട് ആർ.ടി.ഒ ഓഫീസ് പരിധിയിൽ ആഴ്ചയിൽ 150 ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ സ്ലോട്ട് പ്രശ്നം പരിഹരിച്ച് കൂടുതൽ പേരെ ടെസ്റ്റിന് പരിഗണിക്കാനാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

ലോക്ക്ഡൗണിനെ തുടർന്നാണ് ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയത്. എന്നാൽ നിയന്ത്രണം കടുപ്പിച്ചതോടെ ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തിവെച്ചത് ലൈസൻസിന് അപേക്ഷിച്ചവർക്ക് തിരിച്ചടിയായി. ആഗസ്റ്റിൽ ടെസ്റ്റുകൾ പുനരാരംഭിച്ചെങ്കിലും കൊവിഡ് രണ്ടാംതരംഗത്തോടെ അഞ്ച് മാസത്തോളം വീണ്ടും നിർത്തിവെച്ചു. ഇതോടെ അപേക്ഷയും കൂടി. കോഴിക്കോട് ആർ.ടി.ഒ ഓഫീസ് പരിധിയിൽ മാത്രം നാലായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

'' അപേക്ഷകൾ കൂടുതലുളള സ്ഥലങ്ങളിൽ 300 ഓളം പേരെ വരെ ഉൾപ്പെടുത്തിയാണ് റോഡ് ടെസ്റ്റ് നടത്തുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഡിസംബറോടെ തീർപ്പാക്കും''

രതീഷ്,​ മോട്ടോർ വാഹന വകുപ്പ്,​ കോഴിക്കോട്.

Advertisement
Advertisement