മുങ്ങിയും പൊങ്ങിയും പട്ടിക; വലഞ്ഞ് വിദ്യാർത്ഥികൾ

Wednesday 10 November 2021 12:52 AM IST

കൊച്ചി: പ്ലസ് വൺ സ്‌കൂൾ, കോംബിനേഷൻ മാറ്റത്തിനുള്ള പട്ടിക മുന്നറിയിപ്പിലാതെ പിൻവലിച്ചതോടെ വിദ്യാർത്ഥികൾ വലഞ്ഞു. കോമ്പിനേഷൻ മാറ്റത്തിനായി തിങ്കളാഴ്ച രാത്രി പ്രസിദ്ധീകരിച്ച ലിസ്റ്റ് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ പിൻവലിക്കുകയായിരുന്നു. പ്രതിക്ഷേധം ശക്തമായതോടെ ഉച്ചയ്ക്ക് വീണ്ടും പ്രസിദ്ധീകരിച്ചു. അഡ്മിഷൻ സൈറ്റിലെ സെർവർ തകരാർ കാരണം സംഭവിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം.

രണ്ടുതവണ പട്ടിക പ്രസിദ്ധീകരിച്ചതോടെ അലോട്ട്മെന്റ് ലെറ്ററിൽ വ്യത്യാസം വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരമുള്ള അലോട്ട്മെന്റ് ലെറ്ററിന് മാത്രമേ സാധുതയുള്ളൂ.

അകലെയുള്ള സ്കൂളുകളിൽനിന്ന് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ വീടിനടുത്തേക്ക് സ്‌കൂൾ മാറ്റം ലഭിച്ചവർ ടി.സി കൈപ്പറ്റാനെത്തിയപ്പോഴാണ് ലിസ്റ്റ് പിൻവലിച്ചതായി അറിഞ്ഞത്. അലോട്ട്‌മെന്റ് തുടങ്ങിയതുമുതൽ അഡ്മിഷൻ സൈറ്റിന്റെ സെർവർ തകരാറുകളെക്കുറിച്ച് വ്യാപകമായ പരാതിയുണ്ട്. പ്രവേശനത്തിനുള്ള അവസാന തീയതി 12 ആണ്.

43297 പേർക്ക്
മാറ്റം ലഭിച്ചു

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനായി അപേക്ഷിച്ച വിവിധ ജില്ലകളിൽ നിന്നുള്ള 63023 പേരിൽ 43297 പേർക്ക് മാറ്റം ലഭിച്ചു. 19726 വിദ്യാർത്ഥികൾക്ക് മാറ്റത്തിനുള്ള അവസരം നഷ്ടമായി. 8642 പേ‌‌ർക്ക് പ്രവേശനം ലഭിച്ച സ്കൂളിൽ തന്നെ കോഴ്സുകൾ മാറ്റി ലഭിച്ചു. 19822 പേർക്ക് കോഴ്സിൽ മാറ്റംവരുത്തിക്കൊണ്ട് തന്നെ സ്കൂൾ മാറ്റം ലഭിച്ചു. കോഴ്സ് മാറ്റംവരാതെതന്നെ 14833 പേ‌ർക്ക് സ്കൂൾമാറ്റം അനുവദിച്ചു.

പിഴവുകൾ അന്വേഷിക്കണം

നൂറുകണക്കിന് വിദ്യാർത്ഥികളുടെ അഡ്മിഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട ചെറിയ തെറ്രുകൾക്കുപോലും അദ്ധ്യാപകരെ ശിക്ഷിക്കുന്ന അധികൃത‌ർ ഐ.സി സെല്ലിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ഗുരുതരമായ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സംഭവത്തിൽ അട്ടിമറി സംശയം നിലനിൽക്കുന്നതിനാൽ അന്വേഷണം നടത്തണം. നിരുത്തരവാദപരമായി പെരുമാറിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം.

- എസ്. മനോജ്, ജനറൽ സെക്രട്ടറി,
എ.എച്ച്.എസ്.ടി.എ

Advertisement
Advertisement