കോഴിക്കോട് ബസ് ടെർമിനൽ: മറ്റൊരു പാലാരിവട്ടമെന്ന് മന്ത്രി
പകൽക്കൊള്ളയെന്ന് പ്രതിപക്ഷം, വാക്കൗട്ട്
തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണത്തിലും പാട്ടക്കരാറിലും പകൽക്കൊള്ളയാണ് നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോഴിക്കോട്, തിരുവനന്തപുരം, അങ്കമാലി, തിരുവല്ല അടക്കം ബസ് ടെർമിനൽ നിർമ്മിക്കാൻ കെ.ടി.ഡി.എഫ്.സിക്ക് കൈമാറിയ വിലമതിക്കാനാവാത്ത 16ഏക്കർ ഭൂമി കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ, ടെർമിനൽ നിർമ്മിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും വിജിലൻസ് അന്വേഷണം പൂർത്തിയാകുമ്പോൾ ആരൊക്കെ പ്രതിയാവുമെന്ന് അറിയാമെന്നും മന്ത്റി ആന്റണി രാജു പറഞ്ഞു.
പാലാരിവട്ടം പാലം പോലെയുള്ള ക്രമക്കേടാണ് നിർമാണത്തിലുണ്ടായത്. സിമന്റും കമ്പിയുമടക്കം ഒന്നും കാര്യമായി ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിലുണ്ട്. അടിസ്ഥാനത്തിലും ബീമുകളിലും തകരാറുണ്ടെന്നും കണ്ടെത്തി. രണ്ടാഴ്ചയ്ക്കകം പരിഹാരമാർഗം നിർദ്ദേശിക്കാൻ വിദഗ്ദ്ധസംഘത്തെ നിയോഗിച്ചു. അറ്റകുറ്റപ്പണിക്കുള്ള ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കും. മാത്യു ടി. തോമസ് മന്ത്റിയായിരിക്കെയാണ് തറക്കല്ലിട്ടത്. വി.എസ്. ശിവകുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ഗതാഗത മന്ത്റിമാരായിരുന്ന കാലത്താണ് നിർമാണം നടന്നത്. ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്റിയായിരുന്ന ഉമ്മൻചാണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, നഗരസഭയുടെ അനുമതി ലഭിക്കും മുൻപ് വി.എസ്. അച്യുതാനന്ദനാണ് നിർമ്മാണം ഉദ്ഘാടനം ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. ഉമ്മൻചാണ്ടിയെയും അന്നത്തെ ഗതാഗതമന്ത്രിയെയും പ്രതിയാക്കാനാണെങ്കിൽ പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തത് ആരാണെന്ന് ഓർക്കണം. നിർമാണം നടത്തിയ മാക് ബിൽഡേഴ്സും നടത്തിപ്പു ചുമതലയുള്ള ആലിഫ് ബിൽഡേഴ്സ് അസോസിയേറ്റ്സും ഒരാളുടെ കമ്പനികളാണ്. അല്ലെന്ന് തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും സതീശൻ പറഞ്ഞു. 79.73 കോടി ചെലവഴിച്ചു പൂർത്തിയാക്കിയ കെട്ടിടത്തിൽ നിന്ന് 2011 മുതൽ 2017 വരെ 3.4 കോടി മാത്രമാണ് തിരികെ ലഭിച്ചതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി.സിദ്ധിഖ് പറഞ്ഞു. പലിശത്തുക പോലും ലഭിച്ചില്ല.
ഇടപാടിനു പിന്നിൽ നിരവധി ഇടനിലക്കാരുണ്ട്. ടെൻഡറിന്റെ ഭാഗമായ നിക്ഷേപം 50കോടിയിൽ നിന്ന് 17കോടിയാക്കി താഴ്ത്തി നൽകി.
-വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
ടെൻഡർപ്രകാരം എല്ലാ യോഗ്യതകളും നിർമ്മാണകമ്പനിക്കുണ്ടായിരുന്നു. ടെൻഡറിൽ മുന്നിലെത്തിയാൽ കരാർ നൽകിയേ പറ്റൂ. യു.ഡി.എഫ് കാലത്താണ് ക്രമക്കേടുകൾ ഉണ്ടായത്.
-ആന്റണി രാജു,
ഗതാഗതമന്ത്രി