പുതിയ 175 ഔട്ട് ലെറ്റുകൾ: ബെവ്കോയുടെ ആവശ്യം സർക്കാർ പരിഗണിക്കും

Tuesday 09 November 2021 10:58 PM IST

കൊച്ചി: സംസ്ഥാനത്ത് 175 വിദേശമദ്യ ഷോപ്പുകൾ കൂടി തുടങ്ങാൻ അനുമതി തേടി ബിവറേജസ് കോർപ്പറേഷൻ നൽകിയ കത്ത് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് എക്സൈസ് കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചു.

ബെവ്കോ ഔട്ട്ലെറ്റുകളിൽ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് തൃശൂരിലെ മൈ ഹിന്ദുസ്ഥാൻ പെയിന്റ്സ് നൽകിയ കോടതിയലക്ഷ്യ ഹർജിയിന്മേലാണിത്. വിദേശമദ്യ ഷോപ്പുകളെ ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന വാക്ക് - ഇൻ ഷോപ്പുകളാക്കി മാറ്റണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ബെവ്കോയുടെ 96 ഔട്ട്ലെറ്റുകളിൽ വാക്ക് - ഇൻ സൗകര്യം (സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകൾ) ഒരുക്കാൻ നടപടിയെടുത്തെന്നും, കൺസ്യൂമർഫെഡിന്റെ 30 ഔട്ട്ലെറ്റുകളിൽ വാക്ക് - ഇൻ സൗകര്യം ഒരുക്കിയെന്നും എക്സൈസ് കമ്മിഷണർ റിപ്പോർട്ട് നൽകി.

സംസ്ഥാനത്തെ 306 വിദേശമദ്യ ഔട്ട്ലെറ്റുകളിൽ 270 എണ്ണം ബെവ്കോയും 36 എണ്ണം കൺസ്യൂമർഫെഡുമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്താൽ ഇവിടെ വിദേശമദ്യ ഷോപ്പുകളുടെ എണ്ണം വളരെക്കുറവാണെന്നും, എണ്ണം കൂട്ടണമെന്നും വ്യക്തമാക്കി ബെവ്കോ എം.ഡി സർക്കാരിന് കത്തു നൽകിയിട്ടുണ്ട്. ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടിയാൽ തിരക്കു കുറയ്ക്കാനാവും. ബെവ്കോയുടെ ശുപാർശ നടപ്പാക്കണമെന്ന് എക്സൈസ് വകുപ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹർജി 23ന് വീണ്ടും പരിഗണിക്കും.

 ഔട്ട്ലെറ്റ് താരതമ്യം

(എണ്ണം, ആളോഹരി)

കേരളം: 306 (1,12,745 പേർക്ക് ഒന്ന്)

തമിഴ്നാട്: 6320 (12,705 പേർക്ക് ഒന്ന്)

കർണാടക: 8737 (7,851 പേർക്ക് ഒന്ന്)

ആന്ധ്ര : 4380 (12,351 പേർക്ക് ഒന്ന്)

തെലുങ്കാന : 2200 (18,227 പേർക്ക് ഒന്ന്)

 ഹൈക്കോടതി പറയുന്നു:

ഇപ്പോഴും ചില ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഉണ്ട്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് ബാധിക്കുന്നത്. നീണ്ട ക്യൂ കുട്ടികളെ സ്വാധീനിക്കുമെന്ന രക്ഷിതാക്കളുടെ ആശങ്കയും കാണാതിരിക്കാനാവില്ല. കോടതി ഇടപെടൽ നിമിത്തം പുരോഗതി വന്നിട്ടുണ്ടെങ്കിലും സാഹചര്യം പൂർണമായും തൃപ്തികരമല്ല. തുടർനടപടികൾ അറിയിക്കണം.