നവനായകൻ രോഹിത്

Wednesday 10 November 2021 12:13 AM IST

രോഹിത് ശർമ്മ ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്ടൻ

മുംബയ് : ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശർമ്മയെ നിയമിച്ചു. കെ.എൽ രാഹുലാണ് ഉപനായകൻ.സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുംറ,ഷമി എന്നിവർക്ക് വിശ്രമം നൽകി ഈ മാസം കിവീസിനെതിരെ തുടങ്ങുന്ന ട്വന്റി-20പരമ്പരയ്ക്കുളള ടീമിനെയും പ്രഖ്യാപിച്ചു. പുതിയ പരിശീലകനായ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയശേഷമാണ് ട്വന്റി-20 ലോകകപ്പിന് പോയ ടീമിൽ മാറ്റം വരുത്തിയത്.

റിതുരാജ് ഗെയ്ക്ക്‌വാദ്, ഹർഷൽ പട്ടേൽ,വെങ്കിടേഷ് അയ്യർ,ആവേഷ് ഖാൻ തുടങ്ങിയവർക്ക് ടീമിൽ സ്ഥാനം ലഭിച്ചപ്പോൾ ലോകകപ്പിൽ നിരാശപ്പെടുത്തിയ വരുൺ ചക്രവർത്തിയെ ഒഴിവാക്കി.ശ്രേയസ് അയ്യർ, യുസ്‌വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ,മുഹമ്മദ് സിറാജ് എന്നിവരെ തിരിച്ചുവിളിച്ചു. നാലുവർഷത്തിന്ശേഷം ലോകകപ്പിനായി ട്വന്റി-20 ടീമിലെത്തിയ അശ്വിനെ നിലനിറുത്തി.ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി.

ടീം ഇങ്ങനെ : രോഹിത് ശർമ്മ (ക്യാപ്ടൻ),കെ.എൽ രാഹുൽ,റിതുരാജ് ഗെയ്ക്ക്‌വാദ്, ഹർഷൽ പട്ടേൽ,വെങ്കിടേഷ് അയ്യർ,ആവേഷ് ഖാൻ,ശ്രേയസ് അയ്യർ, യുസ്‌വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ,മുഹമ്മദ് സിറാജ്,ഭുവനേശ്വർ കുമാർ,ഇഷാൻ കിഷൻ,റിഷഭ് പന്ത്,സൂര്യകുമാർ യാദവ്,ദീപക് ചഹർ,അശ്വിൻ.

സഞ്ജുവിനെ വിളിച്ചില്ല ?

മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയില്ല . ജൂനിയർ തലം മുതൽ ദ്രാവിഡിന്റെ ഗുഡ് ബുക്കിൽ സഞ്ജുവിന് ഇടമുണ്ടായിരുന്നു. കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡ് മുഖ്യ കോച്ചായപ്പോൾ സഞ്ജുവിന് അവസരം നൽകിയെങ്കിലും അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇക്കുറി വിളി എത്താതിരുന്നത് എന്നറിയുന്നു.

Advertisement
Advertisement