പറന്നുയരാൻ തിരക്കേറുന്നു

Wednesday 10 November 2021 3:28 AM IST

മുംബയ്: ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രയ്ക്ക് തിരക്കേറുന്നതായി റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ റിപ്പോർട്ട്. 2020 ഒക്‌ടോബറിനേക്കാൾ 67 ശതമാനം വളർച്ചയോടെ 87-88 ലക്ഷം പേർ കഴിഞ്ഞമാസം ആകാശയാത്ര നടത്തിയെന്ന് റിപ്പോർട്ട് പറയുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതും ഉത്സവകാല സീസണും യാത്രക്കാരുടെ എണ്ണം കൂട്ടി. 52.71 ലക്ഷം പേരാണ് കഴിഞ്ഞവർഷം ഒക്‌ടോബറിലെ യാത്രക്കാ‌ർ.

ഇക്കഴിഞ്ഞ സെപ്‌തംബറിലെ 71 ലക്ഷം പേരെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വളർച്ച 25 ശതമാനമാണ്. 2020 ഒക്‌ടോബറിലെ 49,150 ആഭ്യന്തര സർവീസുകളേക്കാൾ 46 ശതമാനം വളർച്ചയോടെ 72,000 സർവീസുകൾ കഴിഞ്ഞമാസം നടന്നു. പ്രതിദിന സർവീസുകൾ 1,585ൽ നിന്ന് 2,400ലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ സെപ്തംബറിൽ എണ്ണം 2,100 ആയിരുന്നു.

122

കഴിഞ്ഞമാസം ഓരോ വിമാനത്തിലും ശരാശരി 122 പേർ യാത്ര ചെയ്‌തു. സെപ്‌തംബറിൽ ശരാശരി യാത്രക്കാർ 117 ആയിരുന്നു.

28%

കോർപ്പറേറ്റ് യാത്രക്കാരുടെ എണ്ണം ഇപ്പോഴും കുറവാണ്; ഒക്‌ടോബറിൽ മൊത്തം യാത്രക്കാരിൽ 28 ശതമാനം പേർ മാത്രം.

94.4%

വിമാനക്കമ്പനികളെ വലച്ച് എ.ടി.എഫ് (വ്യോമ ഇന്ധനം) വില കുതിക്കുകയാണ്. ഒരുവർഷത്തിനിടെ വില വർദ്ധന 94.4 ശതമാനം; ഒരുമാസത്തിനിടെ 13.9 ശതമാനം.