$3 ലക്ഷം കോടി കടന്ന് ക്രിപ്‌റ്റോ വിപണിമൂല്യം

Wednesday 10 November 2021 3:50 AM IST

മുംബയ്: ബിറ്റ്‌കോയിൻ അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾ അരങ്ങുവാഴുന്ന 'ക്രിപ്‌റ്റോകറൻസി വിപണി"യുടെ മൂല്യം ആദ്യമായി മൂന്നുലക്ഷം കോടി ഡോളർ കടന്നു; ഏകദേശം 222.34 ലക്ഷം കോടി രൂപ. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിനും രണ്ടാമതുള്ള എഥറും എക്കാലത്തെയും ഉയർന്ന വിലയിൽ എത്തിയതാണ് നേട്ടമാകുന്നത്.

നിലവിൽ 70,000 ഡോളറിനടുത്ത് (52 ലക്ഷം രൂപ) വിലയുള്ള ബിറ്റ്‌കോയിൻ ഡിസംബറോടെ ഒരുലക്ഷം ഡോളർ (74 ലക്ഷം രൂപ) കടക്കുമെന്നാണ് വിലയിരുത്തൽ. ബിറ്റ്‌കോയിന്റെ മാത്രം വിപണിമൂല്യം ലോകത്ത് 2.5 ലക്ഷം കോടി ഡോളർ (185 ലക്ഷം കോടി രൂപ) കടന്നു. ഇന്ത്യയിലടക്കം സ്വീകാര്യതയേറുന്നതാണ് ബിറ്റ്കോയിന് കരുത്താകുന്നത്. ഇന്ത്യൻ ക്രിപ്റ്റോകറൻസികളുടെ (ഇന്ത്യൻ ക്രിപ്റ്റോനാണയം) ആകെമൂല്യം 2030ൽ 24.10 കോടി ഡോളർ (1,800 കോടി രൂപ) എത്തുമെന്ന് കരുതപ്പെടുന്നു. കമ്പ്യൂട്ടർ കോഡുകളാൽ അഥവാ ബ്ളോക്ക്ചെയിൻ സാങ്കേതികവിദ്യകളാൽ നിർമ്മിക്കപ്പെടുന്ന സാങ്കല്പിക നാണയങ്ങളാണ് ക്രിപ്‌റ്റോകറൻസികൾ.

ബൂം..ബൂം.. ബിറ്റ്‌കോയിൻ!

2012ൽ വെറും 12 ഡോളറായിരുന്നു (890 രൂപ) ബിറ്റ്‌കോയിന്റെ വില. മികച്ച നിക്ഷേപ മാർഗമെന്ന നിലയിൽ ആഗോള പ്രശസ്‌തി കിട്ടിയതോടെ വില പിന്നീട് വച്ചടികയറി. പലരാജ്യങ്ങളും കറൻസി നോട്ടുകൾക്ക് സമാനമായ പരിഗണന ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകൾക്ക് നൽകിയതും നേട്ടമായി. ഇപ്പോൾ ബിറ്റ്‌കോയിന്റെ വില 68,564 ഡോളർ (51 ലക്ഷം രൂപ). 2012ൽ ഒരു ബിറ്റ്‌കോയിൻ 890 രൂപയ്ക്ക് വാങ്ങിവച്ചിരുന്നെങ്കിൽ, ഇപ്പോൾ വിറ്റാൽ 51 ലക്ഷം രൂപ കിട്ടുമായിരുന്നു!