ആഗ്രഹിച്ച കാഴ്ച കാണാതെ പ്രിയതമ യാത്രയായി; നീറ്റലോടെ പത്മ പുരസ്കാരം ഏറ്റു വാങ്ങി ബാലൻ പൂതേരി
തേഞ്ഞിപ്പലം: ഡൽഹിയിലെ പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് രാഷ്ട്രപതിയിൽ നിന്ന് പത്മപുരസ്കാരം ഏറ്റുവാങ്ങുമ്പോൾ, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സങ്കടവും ഒരുമിച്ചെത്തിയ അവസ്ഥയിലായിരുന്നു സാഹിത്യകാരൻ ബാലൻ പൂതേരി.
പത്ത് വർഷമായി കാൻസർ ചികിത്സയിലായിരുന്നു ഭാര്യ കടമത്ത് ശാന്ത (59) ചൊവാഴ്ച പുലർച്ചെ മൂന്നോടെയാണ് മരിച്ചത്. പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങാനായി രണ്ട് ദിവസം മുമ്പാണ് ബാലൻ പൂതേരി ഡൽഹിയിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പത്മ പുരസ്കാരം ഏറ്റുവാങ്ങിയത്. കരിപ്പൂരിലെ വീട്ടിൽ പ്രിയതമയുടെ സംസ്കാര ചടങ്ങുകൾ നടന്നതും ഇതേസമയം തന്നെ. രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കിടാൻ പ്രിയതമ ഉണ്ടാവില്ലെന്ന ഞെട്ടലിലാണ് അദ്ദേഹം. 1999ൽ പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ടതോടെ ,എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയിൽ നിഴലായി ശാന്തയുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തിൽ 214ഓളം പുസ്തകങ്ങൾ രചിച്ച ബാലന് പുറംകാഴ്ചകളുടെ ലോകം പകർന്നതും ശാന്തയായിരുന്നു.
രാഷ്ട്രപതിയിൽ നിന്ന് താൻ പുരസ്കാരം ഏറ്റുവാങ്ങണമെന്നത് ശാന്തയുടെ വലിയ ആഗ്രഹമായിരുന്നെന്നും, ജീവിത്തിന്റെ സന്തോഷ ഘട്ടങ്ങളിലെല്ലാം തനിക്ക് ദുഖങ്ങളും ഉണ്ടായിട്ടുണ്ടെന്നും ബാലൻ പൂതേരി പറഞ്ഞു. പത്മശ്രീ പുരസ്കാരം ലഭിച്ചതറിഞ്ഞ്
വീട്ടിലെത്തിയവരെ സത്ക്കരിക്കാൻ മുന്നിലുണ്ടായിരുന്നത് ശാന്തയായിരുന്നു.
1983ലാണ് ബാലൻ പൂതേരിയുടെ ആദ്യ പുസ്തകമായ 'ക്ഷേത്ര ആരാധന' പുറത്തിറങ്ങിയത്. ആത്മീയ പുസ്തകങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുരസ്കാര തുകകൾ കൂട്ടിവച്ച് വീടിനടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി. തന്നെയും മകനെയും പോലുള്ള ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപകാരപ്പെടുന്ന സ്വാന്തന കേന്ദ്രം പണിയുകയാണ് സ്വപ്നം. ജീവിത പ്രയാസങ്ങൾക്കിടയിലും സാമൂഹ്യസേവനങ്ങളുമായി മുന്നോട്ടുപോവാൻ കരുത്തായി കൂടെ നിന്നതും ശാന്തയായിരുന്നു. പെരുവള്ളൂർ വലകണ്ടി അംഗൻവാടി അദ്ധ്യാപിക കൂടിയായിരുന്നു. മകൻ: രാംലാൽ.