ചക്കരക്കല്ല് കോളേജിലെ റാഗിംഗ്: ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Wednesday 10 November 2021 1:34 AM IST

ചക്കരക്കല്ല്: കാഞ്ഞിരോട് നെഹർ കോളേജിൽ റാഗിംഗിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. ബി.എ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥി മയ്യിൽ ചെക്കിക്കുളം തരിയേരി സ്വദേശി അർഷാദിനെ ആക്രമിച്ച കേസിലാണ്

ഇരിക്കൂർ ജംഷീർ മഹലിൽ ടി. മുഹമ്മദ് റഷാദ്, പാനൂർ മൊകേരി മാക്കൂൽപീടിക, കോട്ടമുള്ളത്തിൽ കെ. എം. മുഹമ്മദ് തമീം, ഇരിട്ടി പൊറോറ നാലാങ്കേരിയിൽ അബ്ദുൾ ഖാദർ, കോളാരി ചെവിടിക്കുളം ഹൗസിൽ എം. മുഹമ്മദ് മുസമ്മിൽ, വാരം ചേലോറ കാണിയാട്ട് ഹൗസിൽ മുഹമ്മദ് മുഹദിസ്, കാ‌ഞ്ഞിരോട് അൽ അബ്രാറിലെ പി.സി. മുഹമ്മദ് സഫ് വാൻ എന്നിവർ അറസ്റ്റിലായത്.

കണ്ണൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി.പി. സദാനന്ദന്റെ നിർദ്ദേശത്തെ തുടർന്ന് ചക്കരക്കല്ല് ഇൻസ്പെക്ടർ കെ. സത്യനാഥന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ വീടുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

5ന് ഉച്ചയ്‌ക്ക് രണ്ടിനാണ് അൻഷാദിനെ അവസാന വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ആറു പേരെ കോളേജ് പുറത്താക്കിയിരുന്നു.