മാവോയിസ്റ്റ് വേട്ട; വയനാട്ടിൽ രണ്ടു നേതാക്കൾ അറസ്റ്റിൽ ?

Wednesday 10 November 2021 1:49 AM IST

കൽപ്പറ്റ: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിലായതായി സൂചന. പാർട്ടി പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കർണാടക സ്വദേശി ഡി.ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ ബത്തേരി മേഖലയിൽ നിന്ന് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാൽ, ജില്ലാ പൊലീസ് ചീഫ് ഡോ.അരവിന്ദ് സുകുമാർ ഇതു സ്ഥിരീകരിച്ചിട്ടില്ല.

ഇരുവർക്കും പുറമെ, മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ തലപ്പുഴ കമ്പമലയിലെ ടാക്സി ഡ്രൈവറായ തമിഴ്നാട്ടുകാരനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. 35-കാരനെയും ബന്ധുവിനെയും നവംബർ അഞ്ചിന് കണ്ണൂരിൽ വെച്ച് പൊലീസ് പിടികൂടി എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. ചോദ്യംചെയ്യലിനു ശേഷം ബന്ധുവിനെ വിട്ടെങ്കിലും ടാക്സി ഡ്രൈവർ ഇപ്പോഴും കസ്റ്റഡിയിൽ തന്നെയാണ്. നേരത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലകളാണ് കമ്പമലയും മക്കിമലയും. ആയുധധാരികളായ സംഘം പല തവണ ഇവിടങ്ങളിൽ എത്തിയിരുന്നു.