കരുവന്നൂർ തട്ടിപ്പ്; ഒളിവിലുള്ള നാലാം പ്രതിയായ കിരൺ മറ്റ് ബാങ്കുകളിൽ നിന്ന് കോടികൾ തട്ടി

Wednesday 10 November 2021 1:55 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇടനിലക്കാരനും ഒളിവിലുള്ള നാലാം പ്രതിയുമായ കിരണിന് മറ്റു ബാങ്കുകളിലും വായ്പകളുണ്ടായിരുന്നതായി വിവരം. ഇരിങ്ങാലക്കുട, കയ്പമംഗലം മേഖലകളിലെ സ്വകാര്യ ബാങ്ക് ശാഖകളിലായി അഞ്ച് കോടിയോളം രൂപ കിരൺ വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഇത് സ്ഥിരീകരിച്ചിട്ടില്ല. തട്ടിപ്പുകളുടെ ആസൂത്രണത്തിലെ പ്രധാന കണ്ണിയായ കിരൺ ബിനാമി വായ്പകൾ വഴി 23 കോടി തട്ടിയെടുത്തെന്നാണ് കേസ്. കിരൺ ആന്ധ്രയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലുണ്ടായില്ല. കരുവന്നൂർ തട്ടിപ്പ് മാതൃകയിൽ മറ്റു ബാങ്കുകളിലും വ്യാജരേഖകൾ സമർപ്പിച്ച് വായ്പകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കരുവന്നൂർ ബാങ്കിലെ കമ്മിഷൻ ഏജന്റുമാരിൽ ഒരാൾ മാത്രമായ കിരണിന്റെ അക്കൗണ്ടിലൂടെ കോടികൾ കൈമറിഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

 നിക്ഷേപകർക്ക് പലിശയില്ലെന്ന് പരാതി

കരുവന്നൂർ ബാങ്കിൽ വായ്പ അടച്ചുതീർക്കുന്നവരിൽ നിന്ന് പിഴയും പിഴപ്പലിശയും ബാങ്ക് ഈടാക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് നിയമാനുസൃതമുള്ള പലിശ നൽകുന്നില്ലെന്ന് പരാതി. വായ്പയെടുത്തവർ അടച്ചു തീർക്കാനെത്തിയാൽ വായ്പ എടുത്ത ദിവസം മുതലുള്ള പിഴപ്പലിശ ഈടാക്കുന്നുവെന്നാണ് ആക്ഷേപം. പൊതുപ്രവർത്തകനായ ടി.കെ. ഷാജു ഇതുസംബന്ധിച്ച പരാതി മന്ത്രി വി.എൻ. വാസവന് നൽകി.