സ്പെഷ്യൽ സ്കൂളുകൾ തുറക്കുന്നത് പിന്നീട് പരിഗണിക്കും
Thursday 11 November 2021 2:03 AM IST
തിരുവനന്തപുരം: കൊവിഡ് പൂർണമായും നിയന്ത്റണ വിധേയമാകാത്തതിനാലാണ് പകുതി കുട്ടികളുമായി സ്കൂളുകൾ പ്രവർത്തിക്കുന്നതെന്നും ആദ്യ ഘട്ട പ്രവർത്തനം നിരീക്ഷിച്ച ശേഷം പിന്നീട്, സാധാരണ രീതിയിലേക്ക് മാറുമെന്നും മന്ത്റി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ആ ഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളുകൾ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് പി.കെ ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്റി പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രതിരോധശേഷി കുറവാകാൻ സാദ്ധ്യതയുള്ളതിനാലും വാക്സിൻ ലഭിച്ചിട്ടില്ലാത്തതിനാലും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടും വീഴ്ച വരാതെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.