ബിൽ ചർച്ചയ്ക്കിടയിലും ജോജു വിഷയം

Wednesday 10 November 2021 9:11 PM IST

തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസിന്റെ ഇന്ധനവിലക്കയറ്റ വിരുദ്ധ സമരത്തിനിടയിൽ നടൻ ജോജു ജോർജ് പ്രതിഷേധമുയർത്തിയ സംഭവം ഇന്നലെ നിയമസഭയിൽ ചർച്ചയായി. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ബില്ലുകളുടെ ചർച്ചയ്ക്കിടയിലാണ് വിഷയം കടന്നുവന്നത്. സിനിമാചിത്രീകരണവും തൊഴിലിടമാണെന്നും അത് തടസപ്പെടുത്തുന്നത് ശരിയല്ലെന്നുമുള്ള ഭരണകക്ഷിയംഗങ്ങളുടെ കമന്റാണ് അതിന് വഴിതുറന്നത്. എന്നാൽ, മലയാളത്തിലെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് കോൺഗ്രസ് തടസപ്പെടുത്തുന്നുവെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് അൻവർ സാദത്ത് പറഞ്ഞു. മുൻകൂട്ടി അറിയിപ്പ് നൽകി നടത്തിയ ജനകീയ സമരത്തിലേക്ക് പ്രകോപനം സൃഷ്ടിച്ച് കയറിവന്നത് ജോജുവാണ്. ഇക്കാര്യത്തിൽ ജോജു ഖേദം പ്രകടിപ്പിക്കാതെ കോൺഗ്രസ് സമീപനത്തിൽ മാറ്റമുണ്ടാകില്ല. ഡി.വൈ.എഫ്‌.ഐ, സി.പി.എം സമരത്തിലാണ് ഇങ്ങനെയൊന്ന് സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. ഇതുപോലെ സമരം നടത്തിയാൽ ഡി.വൈ.എഫ്‌.ഐക്കാരായാലും നടപടിയെടുക്കണമെന്ന് എം.എം മണി പറഞ്ഞു. സിനിമാ ഷൂട്ടിംഗിന് വഴിതടഞ്ഞാൽ കേസില്ലെന്നും എന്നാൽ ജനകീയആവശ്യം ഉന്നയിച്ച് നടത്തുന്ന സമരങ്ങളുടെ പേരിൽ കേസെടുക്കുകയാണെന്നും എം.വിൻസന്റ് ആരോപിച്ചു.