തലസ്ഥാനത്ത് രാജ്യാന്തര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് നടത്തും: മുഖ്യമന്ത്രി

Thursday 11 November 2021 3:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ നടപടി മൂലമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്നു മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി.

നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത യൂക്കാലിപ്റ്റസ്, അക്വേഷ്യ, വാ​റ്റൽ തുടങ്ങിയ മരങ്ങൾ പിഴുത് മാ​റ്റി ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസിലാക്കി മരങ്ങൾ വച്ചു പിടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്യാന്തര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് നടത്തും.

റോഡിനു ഇരുവശവും മരങ്ങൾ വച്ചുപിടിപ്പിക്കാൻ നയം രൂപീകരിക്കുന്നതിന് മന്ത്റിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. സമയബന്ധിതമായി ഗ്രീൻഹൗസ് ഗ്യാസുകളുടെ ബഹിർഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി നടപ്പാക്കാൻ പരിസ്ഥിതി വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിർമിതിക്കു നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതാധികാര സമിതിയും രൂപീകരിച്ചു. വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻകൈയെടുക്കുന്നു. സൈക്കിൾ രൂപത്തിലുള്ള മോട്ടോറൈസ്ഡ് അല്ലാത്ത ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.