ബാലകൃഷ്ണൻ മാതൃകയാണ് സമ്മിശ്ര കൃഷിയിൽ

Thursday 11 November 2021 12:16 AM IST
ബാലകൃഷ്ണൻ തന്റെ കൃഷിയിടത്തിൽ

കാഞ്ഞങ്ങാട്: സമ്മിശ്ര കൃഷിയിൽ കഴിഞ്ഞ നാൽപ്പത്തിരണ്ടു വർഷമായി നേട്ടമുണ്ടാക്കി മാതൃകയാവുകയാണ് പെരിയ ആയമ്പാറ കാനത്തുംകാലിലെ വി. ബാലകൃഷ്ണൻ. അഞ്ചേക്കർ മണ്ണിൽ വിവിധങ്ങളായ വിളകൾ വിളയിച്ചെടുക്കുന്ന ബാലകൃഷ്ണന്റെ പച്ചക്കറിത്തോട്ടം കൗതുക കാഴ്ചയാണ്.

മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്ത കർഷകന്റെ വിജയം കൂടിയാണ് ബാലകൃഷ്ണന്റേത്. രണ്ടര ഏക്കറിൽ പയർ, നരമ്പൻ, കക്കിരി എന്നിവയും ഒന്നര ഏക്കറിൽ തെങ്ങും കവുങ്ങും കുരുമുളകും ഒരേക്കറിൽ നേന്ത്രവാഴക്കൃഷിയുമാണ് ഇപ്പോഴുള്ളത്. പിതാവ് കെ. അമ്പൂഞ്ഞിയുടെ സഹായിയായി കൃഷിയിടത്തിലിറങ്ങിയ ബാലകൃഷ്ണൻ തന്റെ ഇരുപതാം വയസു മുതൽ തന്നെ സ്വന്തമായി കൃഷി ചെയ്തു തുടങ്ങി. പിന്നീടിങ്ങോട്ട് ബാലകൃഷ്ണന്റെ ജീവിതത്തിന്റെ ഭാഗമാണ് കൃഷി.

മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയിൽ വിളകൾക്ക് രോഗ ബാധ വർദ്ധിക്കുന്നതുകൊണ്ട് രാവും പകലുമില്ലാതെ മക്കളെപോലെയാണ് കൃഷിയിടത്തെ പരിപാലിക്കുന്നത്. കൂട്ടിന് ഭാര്യ നിർമ്മലയും. പച്ചക്കറികൾക്കൊപ്പം ഇപ്പോൾ വളത്തിനായി പോത്തുകളേയും വളർത്തുന്നുണ്ട്. കൃഷി വികസനത്തിനായി പുല്ലൂർ പെരിയ കൃഷിഭവന്റെ നിർദ്ദേശങ്ങളും സഹായവും സാമ്പത്തിക അനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം പെരിയ വി.എഫ്.പി.സി.കെ സ്വാശ്രയസംഘത്തിന്റെ സഹായവും ലഭിക്കുന്നുണ്ട്. കാർഷിക വിളകൾ നേരിടുന്ന പ്രശ്നങ്ങളും കർഷകരുടെ പ്രതിസന്ധിയും നേരിട്ട് പഠിക്കുന്നതിനായി പടന്നക്കാട് കാർഷിക വികസന കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വർഷാവർഷം ബാലകൃഷ്ണന്റെ കൃഷിയിടത്തിൽ എത്താറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കൃഷി ലാഭത്തിൽ തന്നെയാണ്.

അംഗീകാരങ്ങൾ

2013 ൽ അന്നത്തെ കൃഷി മന്ത്രി മുല്ലക്കര രക്താകരനിൽ നിന്നും 2018 ൽ വി.എസ് സുനിൽ കുമാറിൽ നിന്നും മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ ഹരികീർത്തി അവാർഡ് ഏറ്റുവാങ്ങി. ജില്ലാ കൃഷി വകുപ്പിന്റെ അവാർഡിനൊപ്പം വി.എഫ്.പി.സി.കെയുടെ മികച്ച കർഷകനുള്ള അവാർഡും.

ഇതരസംസ്ഥാനങ്ങളിൽ നിന്നും യാതൊരു പരിശോധനയും കൂടാതെ നമ്മുടെ നാട്ടിലെത്തുന്ന വിഷം കലർന്ന പച്ചക്കറികൾക്ക് വിലക്ക് ഏർപ്പെടുത്തണം

ബാലകൃഷ്ണൻ