ശ്രദ്ധക്ഷണിക്കൽ നോട്ടീസ്: കൂടുതൽ ശ്രദ്ധവേണമെന്ന് റൂളിംഗ്
തിരുവനന്തപുരം: ശ്രദ്ധക്ഷണിക്കൽ, ചോദ്യങ്ങൾ, അടിയന്തര പ്രമേയം, സബ്മിഷൻ തുടങ്ങിയവ സംബന്ധിച്ച നോട്ടീസുകൾ തയ്യാറാക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണമെന്ന് സ്പീക്കർ എം.ബി.രാജേഷ് നിയമസഭയിൽ റൂളിംഗ് നൽകി. അവ ചട്ടം അനുശാസിക്കും പ്രകാരം ആയിരിക്കണം. ഒരു പ്രത്യേക വിഷയത്തിന് ഊന്നൽ നൽകുന്നതും വ്യക്തമായും സംക്ഷിപ്തമായും പ്രതിപാദിക്കുന്നതും ആയിരിക്കണം. മറുപടിക്കായി ശ്രദ്ധക്ഷണിക്കൽ വിഷയം നൽകിയപ്പോൾ നിയമസഭാ സെക്രട്ടേറിയറ്റിനു സംഭവിച്ച വീഴ്ച ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സ്പീക്കറുടെ റൂളിംഗ് ഇന്നലെ ഉണ്ടായത്.
പറമ്പിക്കുളം ആളിയാർ നദീജല കരാർ പുതുക്കണമെന്ന ആവശ്യം ഉയർത്തിയുള്ള കോൺഗ്രസിലെ സനീഷ്‌കുമാർ ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച മറുപടി പറയേണ്ടിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ ഡാമുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രദ്ധക്ഷണിക്കുന്നു എന്നാണ് കാര്യവിവരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് എങ്ങനെ സംഭവിച്ചെന്നു പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.