തീറ്റവില കുറഞ്ഞു: കോഴി കർഷകർക്ക് നല്ലകാലം

Thursday 11 November 2021 12:39 AM IST

കൊച്ചി: സംസ്ഥാനത്ത് കർഷകർക്ക് ആശ്വാസമായി കോഴിത്തീറ്റ വില കുറഞ്ഞു. 50 കിലോയുടെ ഒരു ചാക്കിന് 450 രൂപ കുറഞ്ഞു. ഇതോടെ ഇറച്ചിക്കോഴി വിലയിലും കുറവുണ്ടായി. 50 കിലോ കോഴിത്തീറ്റയ്ക്ക് 2,250 രൂപയായിരുന്നു വില. ഇതു 1,800 രൂപയായി കുറഞ്ഞു. ഒക്ടോബറിൽ 150 വരെയായിരുന്നു ഇറച്ചിക്കോഴിവില. ഇതു നൂറിനടുത്തെത്തി. ഓക്ടോബർ ആദ്യവാരത്തോടെ തമിഴ്‌നാട്ടിലും കർണാടകത്തിലും കോഴിത്തീറ്റയ്ക്ക് 200 മുതൽ 250 രൂപയുടെ വരെ കുറച്ചിരുന്നു. അസംസ്കൃത വസ്തുക്കളായ സോയാ, ചോളം തുടങ്ങിയവയ്ക്കു വില കുറഞ്ഞതോടെയാണ് തീറ്റയ്ക്കും വില കുറച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാമക്കൽ എന്നിവിടങ്ങളിൽ കോഴിക്കുഞ്ഞ് ഉത്പാദനം വർദ്ധിച്ചു. കൊവിഡിനുശേഷം ഫാമുകൾ മിക്കതും സജീവമായി. മുമ്പ് 50 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞിന്റെ വില 34 രൂപയായി.

 പ്രധാന കേന്ദ്രങ്ങളിലെ കോഴി വില

ജില്ല വില ലൈവ്/ ഇറച്ചി

കൊല്ലം- 115/ 180

ആലപ്പുഴ- 112/ 160

കണ്ണൂർ-112/ 180

തിരുവനന്തപുരം- 110/ 174
കോഴിക്കോട്- 110/ 165
തൃശ്ശൂർ- 108/ 160
എറണാകുളം- 105/ 170
(പ്രാദേശികാടിസ്ഥാനത്തിൽ വ്യത്യാസമുണ്ടാകാം)

മുട്ട വിപണി ഉണർന്നു
ഏറെ നാളായി മാന്ദ്യത്തിലായിരുന്ന മുട്ട വില്പനിയിലും ചലനമുണ്ടായി. വിദ്യാർത്ഥികൾക്ക് പോഷകാഹാരമായി മുട്ട നൽകുന്നുണ്ട്. എളുപ്പത്തിലുണ്ടാക്കാം എന്നതിനാൽ വീട്ടമ്മമാരും കുട്ടികൾക്ക് മുട്ട വിഭവങ്ങൾ ഏറെ നൽകിയിരുന്നു. വില്പന പഴയ സ്ഥിതിയിലായതായി വ്യാപാരികൾ പറയുന്നു.

 വില ഉടൻ ഉയരില്ലെന്നാണ് പ്രതീക്ഷ. കർഷകർ കോഴിവളർത്തൽ ആരംഭിക്കട്ടേയെന്ന് ചോദിക്കുന്നുണ്ട്. ഇന്ധനവില ഗതാഗത ചെലവിനെ ബാധിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് ലോഡെത്തിക്കുന്നതിന് 30 ശതമാനത്തോളം രൂപ അധികം നൽകേണ്ട അവസ്ഥായാണ്.

എസ്.കെ നസീർ

ജനറൽ സെക്രട്ടറി

ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Advertisement
Advertisement