ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സഹായം വർദ്ധിപ്പിക്കും: മന്ത്രി ശിവൻകുട്ടി

Thursday 11 November 2021 1:47 AM IST

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ വഴിയുള്ള വിവാഹ ധനസഹായം, മരണാനന്തര സഹായം, ചികിത്സാ സഹായം എന്നിവ വർദ്ധിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. അഞ്ച് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലുകളുടെ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോക്കുകൂലി അംഗീകരിക്കാനാവില്ല. ചുമട്ടുത്തൊഴിലാളി സംഘടനകളും നോക്കുകൂലിക്ക് എതിരാണ്. എന്നാൽ ഒന്നോ, രണ്ടോ ആളുകൾ ചെയ്യുന്നത് മാദ്ധ്യമങ്ങളിൽ വരികയും അത് കോടതികളുടെ പരാമർശങ്ങൾക്ക് വഴിവയ്ക്കുകയുമാണ്. ഇതിൽ സർക്കാർ ഇടപെടും. കോടതികളിൽ വസ്തുത ബോധിപ്പിക്കും. തെറ്റുചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ചുമട്ടുതൊഴിലാളി ചുമക്കേണ്ട ഭാരം നിജപ്പെടുത്തുന്ന കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ബിൽ, കേരള ഈറ്റ കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബിൽ, കേരള ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും(ഭേദഗതി) ബിൽ എന്നിവ സഭ പാസാക്കി. ഒരു ചുമട്ടുതൊഴിലാളി ചുമന്നുകൊണ്ട്‌ പോകേണ്ട ഭാരം 75കിലോഗ്രാമിൽ നിന്ന് 55ആയി കുറയ്ക്കുകയും സ്ത്രീതൊഴിലാളികൾ ചുമക്കേണ്ട ഭാരം 35കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് ചുമട്ടുതൊഴിലാളി ഭേദഗതി ബിൽ.

Advertisement
Advertisement