ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 118 തസ്തികകൾ

Wednesday 10 November 2021 10:00 PM IST

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ 56 അക്കാഡമിക് തസ്തികകളും 62 അക്കാഡമികേതര തസ്തികകളും അടക്കം 118 തസ്തികകൾ ആദ്യഘട്ടമായി സൃഷ്ടിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

അദ്ധ്യാപക നിയമനം വൈകുന്നത് 2020 ഒക്ടോബർ 2ന് ആരംഭിച്ച സർവകലാശാലയിൽ കോഴ്സ് ആരംഭിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.

20 ബിരുദ കോഴ്സുകളും 9 ബിരുദാനന്തര കോഴ്സുകളും ആരംഭിക്കാനുള്ള ശുപാർശയാണ് സർവകലാശാല സർക്കാരിനും യു.ജി.സിക്കും സമർപ്പിച്ചിട്ടുള്ളത്. ഒരു വിഷയത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളുണ്ടെങ്കിൽ അഞ്ചും, ബിരുദ കോഴ്സാണെങ്കിൽ മൂന്നും അദ്ധ്യാപകർ വീതമാണ് വേണ്ടത്. നിലവിൽ അനുവദിച്ചിട്ടുള്ള അദ്ധ്യാപക തസ്തികയ്ക്ക് ആനുപാതികമായി ആദ്യഘട്ടത്തിൽ ആരംഭിക്കേണ്ട കോഴ്സുകൾ സർവകലാശാലാ സിൻഡിക്കേറ്റ് നിശ്ചയിക്കും. തുടർന്ന് അദ്ധ്യാപകരെ നിയമിച്ച് കോഴ്സുകൾക്ക് ആവശ്യമായ പഠനസാമഗ്രികൾ തയ്യാറാക്കും.

സർവകലാശാലയ്ക്ക് നിലവിൽ യു.ജി.സി അംഗീകാരമുണ്ട്. പുതിയ കോഴ്സുകൾക്കും യു.ജി.സി അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനായി അദ്ധ്യാപകരുടെ വിവരങ്ങളും തയ്യാറാക്കിയ പഠനസാമഗ്രികളും സഹിതമാണ് അപേക്ഷിക്കേണ്ടത്.

അടുത്ത ജൂണിൽ പ്രതീക്ഷ

അപേക്ഷ സമർപ്പിക്കാൻ ഡിസംബറിൽ യു.ജി.സിയുടെ വെബ്സൈറ്റിൽ വിൻഡോ തുറക്കും. യഥാസമയം അപേക്ഷ സമർപ്പിച്ച് യു.ജി.സിയുടെ പരിശോധനയും പൂർത്തിയായാൽ അടുത്ത ജൂണിൽ കോഴ്സ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അനുവദിച്ച തസ്തികകളിൽ കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് മന്ത്രിസഭാ തീരുമാനം.

' തസ്തിക സൃഷ്ടിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ സിൻഡിക്കേറ്റ് യോഗം ചേരും. കോഴ്സുകൾക്ക് ആവശ്യമായ അദ്ധ്യാപകരെ തിരഞ്ഞെടുത്ത് പഠനസാമഗ്രികൾ തയ്യാറാക്കും. യു.ജി.സി അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ വിശദ വിവരങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കും.. യു.ജി.സിയുടെ പരിശോധന കൂടി തൃപ്തികരമായാൽ അടുത്ത അദ്ധ്യയന വർഷം കോഴ്സ് ആരംഭിക്കാനാകും. '

-ഡോ. പി.എം. മുബാറക് പാഷ

വൈസ് ചാൻസലർ