സിറ്റി പൊലീസിന്റെ ജീവൻരക്ഷാ പരിശീലനത്തിന് തുടക്കം

Thursday 11 November 2021 12:00 AM IST

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർക്കായി നടപ്പിലാക്കുന്ന ജീവൻ രക്ഷാ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. സിറ്റി പൊലീസിലെ ആഭിമുഖ്യത്തിൽ നടത്തുന്ന ബൃഹത്പദ്ധതി ഡി.സി.പി. ഐശ്വര്യ ഡോംഗ്‌റെ എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 500 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്ന് ഡി.സി.പി അറിയിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രയിൻ വയർ മെഡി എന്ന വൈദ്യശാസ്ത്ര സ്റ്റാർട്ട് അപ്പാണ് പരിശീലനത്തിനുള്ള സാങ്കേതിക സഹായം നൽകുന്നത്. ഹൃദയ സ്തംഭനമുണ്ടായാൽ ഉടൻ നൽകുന്ന കാർഡിയോ പൾമണറി റിസസിയേഷൻ (സി.പി.ആർ) ഫലപ്രദമായി ചെയ്യുന്നതിന് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അതിനൂതന സാങ്കേതിക വിദ്യയാണ് ബേസിക് റെസ്‌പോണ്ടേഴ്‌സ് കോഴ്‌സിന്റെ സവിശേഷതയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ബ്രയിൻ വയർ മെഡി മാനേജിംഗ് ഡയറക്ടർ എൻ.എം കിരൺ പറഞ്ഞു. പ്രത്യേകം വികസിപ്പിച്ചെടുത്ത റോബോട്ടിൽ പ്രായോഗിക പരിശീലനം നടത്തുമ്പോൾ ഹൃദയത്തിൽ സംഭവിക്കുന്ന രക്തചംക്രമണം സസൂഷ്മം നിരീക്ഷിക്കാനാവുമെന്നതാണ് ജീവൻ രക്ഷാപദ്ധതിയുടെ മർമ്മമെന്ന് എമർജൻസി മെഡിസിൻ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് ഹനീഫ് പറഞ്ഞു. ചടങ്ങിൽ അസി.പൊലീസ് കമ്മിഷണർമാരായ വിനോദ് പിള്ള, സാജൻ സേവ്യർ എന്നിവർ സംസാരിച്ചു. താത്പര്യമുള്‌ള പൊതുജനങ്ങൾക്കും ട്രാഫിക് പൊലീസിന്റെ എറണാകുളം വെസ്റ്റ് സ്റ്റേഷനിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാം.

Advertisement
Advertisement