സെമി ഹൈ സ്‌‌പീഡ് റെയിൽ: നാടിന്റെ വികസനത്തിന് ആവശ്യമെന്ന് മുഖ്യമന്ത്രി

Thursday 11 November 2021 4:05 AM IST

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്‌‌പീഡ് റെയിൽ പദ്ധതി കേരളത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് കണ്ടാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേരളം ഒരു തരത്തിലും മുന്നോട്ടു പോവരുതെന്നും പുതിയ പദ്ധതിയൊന്നും പാടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പണ്ട് അതിവേഗ റെയിൽ യു.ഡി.എഫ് സർക്കാർ ആലോചിച്ചതാണെങ്കിലും തുടരാനായില്ല. ഇപ്പോൾ അതിന് പറ്റിയ സാഹചര്യമാണ്. പദ്ധതിയോടുള്ള എതിർപ്പ് അത്യന്തം നിർഭാഗ്യകരമാണ്. പദ്ധതി വേണ്ടെന്ന സമീപനം ഉപേക്ഷിച്ച് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാൽ, പദ്ധതിക്ക് കേരളത്തിന്റെ വികസന പരിപ്രേക്ഷ്യവുമായി യാതൊരു ബന്ധവുമില്ലെന്നും കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 300 കിലോമീറ്റർ ദൂരത്തിൽ 30 അടി ഉയരത്തിലുള്ള പാലങ്ങളിലൂടെ കടന്നുപോവുന്ന റെയിൽപാതയുണ്ടാക്കുന്ന സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങൾ ഏറെയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ സർക്കാർ ലാഘവത്തോടെ കാണുന്നതുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോവുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.